തിരുവനന്തപുരം:സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ ഡിജിപിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പ്രദേശത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടികളെ കൊണ്ടുവരുന്ന സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനായിരിക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങളായാലും സ്കൂൾ വാഹനങ്ങളായാലും അവ ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്കൂളിലെത്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്കൂൾ തുറക്കുന്നതിനു മുന്നേ നടത്തേണ്ടതാണ്.
കുട്ടികളിൽ കോവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികൾക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷൻ നടത്തണം. അവർ കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കണം. സ്കൂൾ പിടിഎകൾ അതിവേഗത്തിൽ പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.