ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ രാജ്യതലസ്ഥാനത്ത് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് പദ്ധതി. 6 മുതൽ 12 വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്. 9-12 വരെ ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതലും 6-8 വരെ ക്ലാസുകൾ സെപ്റ്റംബർ എട്ടിനും ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഡൽഹി ദുരന്ത നിവാരണ മാനേജ്മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൈസ്കൂൾ മുതൽ മുകളിലേക്കുള്ള കുട്ടികളെ ആദ്യ ഘട്ടത്തിലും പ്രൈമറി തലത്തിലുള്ള കുട്ടികളെ ഏറ്റവും ഒടുവിലും എന്ന നിലയിലായിരിക്കണം ക്ലാസുകളിൽ എത്തിക്കേണ്ടത്.
അതോടൊപ്പം കുട്ടികളെ ഓഫ്ലൈൻ ക്ലാസുകളിൽ അയക്കാൻ താത്പര്യമില്ലാത്ത രക്ഷിതാക്കൾക്ക് അവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനുള്ള അവസരവും ഉണ്ടാകണമെന്നും വിദഗ്ധ സിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജനുവരി മുതൽ ഡൽഹിയിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങിയതോടെ മാർച്ചിൽ സ്കൂളുകൾ വീണ്ടും അടയ്ക്കുകയായിരുന്നു.