KeralaNews

അഞ്ച് ജില്ലകളിൽ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, ചില താലൂക്കുകളിൽ സമ്പൂർണ്ണ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിശ്ചിത സ്കൂളുകൾക്ക് ഇന്ന് (ബുധനാഴ്ച)  അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ്  ചില ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്  അവധിയായിരിക്കുമെന്നാണ്  ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ  ഓഗസ്റ്റ്‌ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരളാ തീരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. മലമ്പുഴ ഡാമിൽ നിന്നും വെള്ളമെത്തുന്നത് കൽപാത്തി പുഴയിലേക്കാണ്.  മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും 80 സെൻ്റിമീറ്റർ ഉയർത്തി. മുൻകരുതൽ എന്ന നിലയ്ക്കാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ തോതിലെങ്കിലും കുറയാൻ തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശ്വാസമായി.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു10-08-2022: ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസര്‍കോട്
11-08-2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button