സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല, ഇടുക്കിയില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ്‌ ഭാഗത്ത്‌ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്‌മ (17) ആണ്‌ കൊല്ലപ്പെട്ടത്‌.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന്‌ മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച്‌ കിടക്കുന്ന ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News