CrimeKeralaNews

സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതി:കാരണം ഞെട്ടിയ്ക്കുന്നത്

മലപ്പുറം: സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾ ചോദ്യം ചെയ്തതിലെ ദേഷ്യത്തിൽ സഹോദരനെതിരേ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ പരാതി ലഭിച്ചപ്പോൾ സംശയം തോന്നിയെന്നും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയതെന്നും എസ്.എച്ച്.ഒ ബഷീർ പറഞ്ഞു.

സ്കൂൾ വിദ്യാർഥിയായ പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിച്ച പെൺകുട്ടി സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് കണ്ടെത്തിയതോടെ സഹോദരൻ ശകാരിക്കുകയും വീട്ടുകാർ മൊബൈൽ ഫോൺ ഉപയോഗം തടയുകയും ചെയ്തു. തുടർന്ന് പരാതി തയ്യാറാക്കി ചൈൽഡ്ലൈനിന് കൈമാറുകയായിരുന്നു പെൺകുട്ടി.

ചൈൽഡ്ലൈനിൽ നിന്ന് കേസ് പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സി.ഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ വൈരുധ്യം കണ്ടെത്തിയതോടെ സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ തീരുമാനിച്ചുവെന്നും സി.ഐ പറഞ്ഞു.

വൈദ്യപരിശോധന നടത്തിയതിൽ നിന്ന് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗൺസിലിങ്ങിൽ സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ പെൺകുട്ടി തുറന്ന് പറയുകയും ചെയ്തു. ഇത്തരത്തിൽ വ്യാജ പരാതികൾ നിരവധിയായി വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാൻ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button