ന്യൂഡല്‍ഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു. യുക്രൈന് അധിനിവേശത്തിനു ശേഷം റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്പനികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നടപടി.
ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ യുക്രൈന് തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര് ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കീവ് പിടിച്ചടക്കാനായി റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്.