പരീക്ഷാക്കാലത്ത് സുരക്ഷിതയാത്രയ്ക്ക് കൊച്ചി മെട്രൊ സ്റ്റുഡന്റ് പാസ്

കൊച്ചി: സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതു വരെയുള്ള പാസുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 30 ദിവസമാണ് കാലാവധി.

ഇക്കാലയളവില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. 80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും എത്രയാത്രകള്‍ വേണമെങ്കിലും നടത്താം. 1200 രൂപയുടെ പ്രതിമാസ പാസ് എടുത്താല്‍ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഒരുമാസത്തേക്ക് ഏതു സ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം. എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്.

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്റ്റേഷനില്‍ നിന്ന് ഏത് സ്റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.

ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News