മുംബൈ: ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന തീരുമാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ ആണ് എസ്.ബി.ഐ മാറ്റം വരുത്തിയിരിക്കുന്നത്.
എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.
അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കായി എസ്.ബി.ഐ.യുടെ പുതിയ പുതുക്കിയ സേവന നിരക്കുകള്‍ 2021 ജൂലൈ 1 മുതല്‍ ബാധകമാകും. ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകളുടെ ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റം മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്ബുക്കാണ് എസ്.ബി.ഐ. നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്.ബി.ഐ. യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്‌സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യോനോ ആപ്പ് വഴി എക്‌സ്പ്രസ് ക്രെഡിറ്റ് വായ്പയായി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പ തുക 5-10 ലക്ഷം രൂപ വരെയാണ്.
നിലവില്‍, എസ്.ബി.ഐ. യോനോ വഴി നല്‍കുന്ന ശരാശരി വായ്പ തുക 2.5 ലക്ഷം രൂപയാണ്. ഈ സ്‌കീമിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിലെത്തിയുള്ള പേപ്പര്‍ വര്‍ക്കുകളുമില്ല.
എന്നാല്‍ ഈ വായ്പകള്‍ ബാങ്ക് മുന്‍കൂട്ടി തിരഞ്ഞെടുത്ത ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. ഉപഭോക്താക്കളുടെ മുന്‍കാല ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ട്രാക്ക് റെക്കോര്‍ഡ്, ചെലവിന്റെ സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വായ്പകള്‍ നല്‍കുക. 21,000 കോടിയിലധികം രൂപയുടെ വായ്പകള്‍ 2020-21ല്‍ ബാങ്ക് വിതരണം ചെയ്തു.