മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഒരു യുഗം കടന്നുപോയിരിക്കുന്നു. ഇന്ത്യയ്ക്കും ലോകക്രിക്കറ്റിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്, എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇതു സംഭവിച്ചു. ഇന്ന് വിക്കറ്റ് കീപ്പർമാരുടെ അളവുകോലുകൾ ഏറെ ഉയർന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം ധോണിയാണ്. മുന്നോട്ടുള്ള ജീവിതയാത്രയിൽ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശ്ശീല വീഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനവുമായാണ് എം.എസ് ധോണി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇത്രയും കാലം നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 19.29 (07.29) മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് ധോണി തുടരും. 2011 ലോകകപ്പ് ഉള്‍പ്പെടെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ട്രോഫികള്‍ എല്ലാം തന്നെ ധോണി നേടിയിട്ടുണ്ട്.
2019 ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 39കാരനായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2014 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി 350 ഏകദിനങ്ങളും 98 ടി 20 യും കളിച്ചിട്ടുണ്ട്. 350 ഏകദിനങ്ങളില്‍ 50.57 ശരാശരിയില്‍ ധോണി 10773 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 10 സെഞ്ച്വറികളും 73 അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 37.60 ശരാശരിയില്‍ 98 ടി 20 യില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.