കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ആകെ വളര്‍ന്നത് മോദിയുടെ താടി; ചിത്രം പങ്കുവച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെ സമൂഹാധ്യമങ്ങളില്‍ പ്രചാരം നേടിയ നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ന് രാവിലെയാണ് ഈ ചിത്രം ലഭിച്ചതെന്നും, വളരെ അര്‍ത്ഥവത്തായി ചിത്രികരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്.

ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ വിലകൊടുക്കേണ്ടിവരുന്നവരെ പരാമര്‍ശിക്കാന്‍ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയില്‍ പകപോക്കുന്നത് സ്വന്തം പൗരന്‍മാര്‍ക്കുനേരെ മാത്രമാണ്. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. അണ്ണാ ഹസാരെയും അഴിമതി വിരുദ്ധ പ്രസ്ഥാനവും ആംആദ്മി പാര്‍ട്ടിയും യുഎപിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആര്‍എസ്എസ് തന്ത്രമായിരുന്നുവെന്ന പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് ശശി തരൂര്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News