തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. കേരളത്തിന്റെ തെക്കു ഭാഗത്തുനിന്നുള്ള ഒരു എം.പി ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹിയിലെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ രണ്ടുദിവസം മുമ്പു വന്ന വാര്‍ത്ത വന്നിരുന്നു. അത് പിന്നീട് ചില മലയാളമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത പൂര്‍ണമായും നിഷേധിച്ചു.
ഇപ്പോള്‍ അമേരിക്കയിലെ ഡാലസിലാണ് തരൂര്‍ ഉള്ളത്. അദ്ദേഹം സ്ഥലത്തില്ലാത്ത തക്കം നോക്കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് തരൂരിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ‘പിണറായിയും ആര്‍.എസ്.എസ്സും തമ്മിലുള്ള അന്തര്‍ധാര സംബന്ധിച്ച വാര്‍ത്തകളും പോലീസ് പൂരം കലക്കിയതുമൊക്കെ പുറത്തുവന്ന അവസരത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ആര്‍.എസ്.എസ്സും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യാജ പ്രചാരണം. എ
.എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് പുറത്തുവന്നതിലുണ്ടായ മാനക്കേട് മറയ്ക്കാന്‍ പുതിയ കഥ മെനഞ്ഞതാണ്. ഈ വിഷയത്തില്‍ തങ്ങളുടെ അണികളോട് എന്ത് പറയും എന്ന് അറിയാതെ കുഴങ്ങുന്ന അവസ്ഥയിലാണ് ആര്‍.എസ്.എസ്സും സിപിഎമ്മും. നിസ്സാരകാര്യങ്ങളുടെ പേരില്‍ എം.പി സ്ഥാനം രാജിവെച്ച് തരൂര്‍ ബി.ജെ.പിയില്‍ ചേരുമെന്നു പറയുന്നതിന്റെ പിന്നിലെ ദുരുദ്ദേശം വ്യക്തമാണ്. ഇത്തരത്തില്‍ എന്തോ വരുന്നതിന്റെ സൂചനകള്‍ നേരത്തേ തന്നെ കിട്ടിയിരുന്നു.
ചില ബി.ജെ.പി അനുഭാവി പേജുകളില്‍ ‘തരൂര്‍ജിക്ക് സ്വാഗതം’ എന്ന പേരില്‍ ചില വാര്‍ത്തകള്‍ വരികയും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അത് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ഡല്‍ഹിപത്രത്തില്‍ വന്ന വാര്‍ത്ത ഒരുപക്ഷേ ഇവര്‍ പ്ലാന്റ് ചെയ്തതാകാം’- തരൂരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പാര്‍ട്ടി ഹൈക്കമാൻഡ് അവഗണിക്കുന്നു, ഒരു രണ്ടാംനിര നേതാവിന്റെ പരിഗണന മാത്രമേ കൊടുക്കുന്നുള്ളൂ, രാഹുല്‍ ഗാന്ധി വളരെ അകല്‍ച്ച കാട്ടുന്നു, ലോക്‌സഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷസ്ഥാനം തന്നെ അവഗണിച്ച് കെ.സി.വേണുഗോപാലിന് കൊടുത്തു, തന്നെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു എന്നിങ്ങനെയുള്ള പരാതികള്‍ അദ്ദേഹത്തിനുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി തരൂര്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പാര്‍ട്ടിയംഗമാക്കാന്‍ കേന്ദ്രനേതൃത്വത്തിന് വളരെ താത്പര്യമുണ്ടെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അതൊരുപാട് ഗുണം ചെയ്യുമെന്ന് അവർ കരുതുന്നതായും വാര്‍ത്തയിലുണ്ട്.
‘ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് ജീവിതകാലം മുഴുവന്‍ താന്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളതിന് വിരുദ്ധമാവുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. ദീര്‍ഘകാലമായി മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഒരാള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടി, അല്ലെങ്കില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയോടുള്ള വിയോജിപ്പിന്റെ പേരില്‍ ബി.ജെ.പിയിലേക്ക് ചേക്കേറുക? 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശശി തരൂര്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചു വരികയാണ്.
അതിനുശേഷം രാഹുല്‍ ഗാന്ധിയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.പി.എന്‍.സിംഗ്, മിലിന്ദ് ദേവ്ര, റീത്താ ബഹുഗുണ, സുസ്മിതാ ഡേ തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയി. മറ്റുള്ളവര്‍ വിട്ടുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ തരൂരിനു മാത്രം പാര്‍ട്ടി വിടുന്നെന്ന കഥകള്‍ നിഷേധിച്ചു കൊണ്ടിരിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ഇത്തരം അപവാദങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിന് അപമാനകരമാണ്’- അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു