തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അമ്പത് ശതമാനം വരെ വനിതകളെ മന്ത്രിയാക്കുന്നത് പരിഗണിക്കാമെന്ന് ശശി തരൂര്‍ എം.പി. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ക്കായി യുവാക്കളുമായി സംസാരിക്കവെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി. കൂടുതല്‍ വനിതകളെ ജയിപ്പിച്ചാല്‍ അമ്പത് ശതമാനം വരെ പരിഗണിക്കാമെന്നാണ് തരൂര്‍ മറുപടിയായി പറഞ്ഞത്. എന്നാല്‍ ചോദ്യം ചോദിച്ച യുവതി കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കുകയാണ് വേണ്ടതെന്നും തരൂരിനോട് പറഞ്ഞു.
മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. പരിപാടിയില്‍ ബെന്നി ബെഹന്നാനും എം. കെ മുനീറും പങ്കെടുത്തു. ലോകോത്തര കേരളം-യുവതയുടെ കാഴ്ചപ്പാടറിയാന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലെ യുവാക്കള്‍ പ്രതിനിധീകരിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ചര്‍ച്ചയ്ക്കെത്തിയത്.