KeralaNews

നിന്നെ നോക്കാന്‍ നിന്റെ പപ്പാ നിനക്ക് മുന്‍പേ പോയി വഴി ഒരുക്കീന്നു ചാച്ചന്‍മാര്‍ക്ക് അറിയാം… കുഞ്ഞു ജോവനയ്ക്ക് വിട

 

ശാന്തന്‍പാറ : ഒരു നാടിന്റെയൊന്നടങ്കം സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി പെറ്റമ്മയുടെ കൈകളാൽ ജീവൻ വെടിയേണ്ടി വന്ന  കുഞ്ഞു ജൊവാന യാത്രയായി. കുരുണിന്റെ സംസ്കാര ചടങ്ങിൽ നിരവധി പേരാണ് കണ്ണീരോടെ പങ്കെടുത്തത്. ജൊവാനയുടേയും അവളുടെ ചാച്ചന്റേയും വിയോഗം വിശ്വസിക്കാനാകാതെ ഉറ്റവർ ഉഴറി നിൽക്കുമ്പോൾ മനസ്സിനെ നൊമ്പപ്പെടുതുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരന്‍ ജിജോഷ്. പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെയാണ് ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജറുമായ വസീമും ചേര്‍ന്നു കൊലപ്പെടുത്തിയത്. പിന്നീട് ഇളയ കുട്ടി ജൊവാനയുമൊത്ത് ഇവര്‍ മുംബൈയിലേക്ക് കടന്നു. പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന് ഇവരും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ജിജോഷിന്റെ ഫെയ്‌സ് ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;

കുഞ്ഞുസേ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ പ്രാത്ഥിക്കണേ.. അവിടെ നിന്നെ നോക്കാന്‍ നിന്റെ പപ്പാ നിനക്ക് മുന്‍പേ പോയി വഴി ഒരുക്കീന്നു ചാച്ചന്‍മാര്‍ക്ക് അറിയാം.. അല്ലേലും പണ്ടു മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ… കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാല്‍ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ..

സ്‌നേഹിച്ചു കൊതി തീര്‍ന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുന്‍പേ അടര്‍ത്തി എടുത്തല്ലോ നിന്നെ.. ചാച്ചന്‍ നോക്കിയേനേലോ, പൊന്നു പോലെ നോക്കിയേനേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേള്‍ക്കുന്ന പോലെ.. ആദ്യമായും അവസാനമായും ബോംബെ ഒക്കെ കാണാന്‍ പറ്റിയല്ലോ നിനക്ക്.. ഡോക്ടര്‍ ആകണം എന്ന ആഗ്രഹം സാധിച്ചു തരാന്‍ പറ്റിയില്ലല്ലോ.. റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണെന്ന് ചാച്ചന്‍മാര്‍ക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്‌നേഹത്തില്‍ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അന്വേഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കൂന്ന്.

സ്‌നേഹത്തോടെ കുഞ്ഞിചാച്ചന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button