മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പിനും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അന്തിമ ധാരണയിലെത്തിയതായി സൂചന. മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പ് ടീമിലോ ലോകകപ്പ് ടീമിലോ ഇടമുണ്ടാകില്ല. ഏകദിനത്തില്‍ ഇതുവരെ തിളങ്ങിയില്ലെങ്കിലും സൂര്യകുമാര്‍ യാദവിനാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എക്സ് ഫാക്ടര്‍ എന്ന നിലയില്‍ സൂര്യയെ ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ടീമുകളില്‍ സെലക്ടര്‍മാര്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. അതേസമയം, പരിക്ക് മാറി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് കളികളിലും അര്‍ധസെഞ്ചുറി നേടിയതിലൂടെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
സഞ്ജുവിനെ ഏഷ്യാ കപ്പിനോ ലോകകപ്പിനോ ഉള്ള ടീമിലെടുത്താലും നിലവിലെ ടീം കോംബിനേഷന്‍ അനുസരിച്ച് മധ്യനിരയില്‍ ബാറ്റിംഗിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. മാത്രമല്ല, 15 അംഗ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്താനും സാധ്യതയില്ല. അതുകൊണ്ടാണ് സഞ്ജുവിനെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടത്തുകയും സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിക്കുകയും ചെയ്തത്.
ടോപ് ഓര്‍ഡറില്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, പരിക്കു മാറി തിരിച്ചെത്തിയാല്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാകും ടോപ് സെവനില്‍ ഇറങ്ങുക. ഈ സാഹചര്യത്തില്‍ സൂര്യകുമാറിനോ ഇഷാന്‍ കിഷനോ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ശ്രേയസിന്‍റെയോ രാഹുലിന്‍റെയോ പരിക്ക് ഭേദമായില്ലെങ്കില്‍ മാത്രമെ സൂര്യക്കോ ഇഷാനോ പോലും പ്ലേയിംഗ് ഇലവനില്‍ എത്താനാവു.
ഇഷാന്‍ കിഷനെ രാഹുലിന്‍റെ ബാക്ക് അപ്പായും സൂര്യയെ ശ്രേയസിന്‍റെ ബാക്ക് അപ്പായുമായിരിക്കും ടീമിലുള്‍പ്പെടുത്തുക. സഞ്ജുവിനെ ഏഷ്യാ കപ്പ് ടീമിലടുക്കാന്‍ പ്ലാനുണ്ടായിരുന്നെങ്കില്‍ സൂര്യയെപ്പോലെ അയര്‍ലന്‍ഡ് പരമ്പരയില്‍ സഞ്ജുവിനും വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാവുമായിരുന്നു. എന്നാല്‍ അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുമ്പോഴായിരിക്കും ഏഷ്യാ കപ്പിനുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക.അതിനാല്‍ തന്നെ സഞ്ജുവിന് ഏഷ്യാ കപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ അഞ്ചിന് മുമ്പാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടത്.
ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും സഞ്ജു, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്താനുള്ള സാധ്യത മാത്രമാണ് മുന്നിലുള്ളതെന്നാണ് വിലയിരുത്തുന്നത്.