ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് സഞ്ജു; സെൽഫ് ട്രോളുമായി ബട്‍ലർ

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം ജയിക്കാനായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത ഇപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തങ്ങളുടെ അവസാന മത്സരം തോറ്റെങ്കില്‍ മാത്രമേ ഇനി രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുള്ളൂ. അതില്‍ തന്നെ ആര്‍സിബി വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും വേണം.

ഈ സാഹചര്യത്തില്‍ പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു സാംസണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലാകുകയാണ്. ജോസ് ബട്ട്‌ലര്‍ക്കും യുസ്‌വേന്ദ്ര ചാഹലിനുമൊപ്പം മൈതാനത്തിരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. എന്നാല്‍ ഇതിന് സഞ്ജു മലയാളത്തില്‍ നല്‍കിയ അടിക്കുറിപ്പാണ് പോസ്റ്റ് വൈറലാക്കിയത്.

യുസി, ജോസേട്ട കുറച്ചുനേരം ഇരുന്നു നോക്കാം, ചെലപ്പോ ബിരിയാണി കിട്ടിയാലോ?’ എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. വണ്‍മാൻ ഷോ എന്ന മലയാളം സിനിമയിൽ സലീം കുമാറിന്റെ ഹിറ്റ് ഡയലോഗ് കടമെടുത്തായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. എന്നാൽ ‘ബിരിയാണിയില്ല, ഡക്ക് പാൻകേക്ക്’ ആണെന്നായിരുന്നു ജോസ് ബട്‍ലറുടെ മറുപടി. 2023 സീസണിൽ ഇതുവരെ അഞ്ചു വട്ടം പൂജ്യത്തിനു പുറത്തായതു ചൂണ്ടിക്കാട്ടിയായിരുന്നു ബട്‍ലറുടെ പ്രതികരണം.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേടും ബട്ട്‌ലറുടെ പേരിലായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് സഞ്ജുവിന്റെ പോസ്റ്റിന് താഴെ ബട്ട്‌ലര്‍ കമന്റ് ചെയ്തത്.അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് താഴെ രാജസ്ഥാന്റെ സീസണിലെ പ്രകടനത്തെ വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News