31.1 C
Kottayam
Saturday, May 18, 2024

ഡൽഹിയിലെ പുതിയ കേന്ദ്ര നിയമം,ആഞ്ഞടിച്ച്അരവിന്ദ് കെജ്രിവാൾ

Must read

ന്യൂഡൽഹി : ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോരിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിധിയെ ബിജെപി സർക്കാർ വെല്ലുവിളിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. സർക്കാരിന് കൂടുതൽ അധികാരം നൽകിയ വിധി മറിക്കടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ എഎപി കോടതിയിൽ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും നിയമനവുമായി ബന്ധപ്പെട്ടാണ് കേന്ദ്രം പുതിയ ഓർഡിനൻസിറക്കിയത്. സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ അംഗങ്ങളാക്കിയാണ് പുതിയ അതോരിറ്റി രൂപീകരിച്ചത്.

അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം. സുപ്രീംകോടതി വിധി വഴി സംസ്ഥാനത്തിന് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ കേന്ദ്രത്തിന്റെ നീക്കം. 

ഡൽഹിയിലെ ഭരണാധികാരതർക്കം വീണ്ടും സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തം. കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ആംആദ്മിപാർട്ടി തീരുമാനം. ഭരണാധികാരത്തെ ചൊല്ലി വർഷങ്ങൾ നീണ്ട കെജരിവാൾ – മോദി പോരിനാണ് സുപ്രീം കോടതി കഴിഞ്ഞയാഴ്ചയായിരുന്നു തീർപ്പ് കൽപിച്ചത്.

ഭരണനിർവഹണ അധികാരം ഡൽഹി സർക്കാരിനെന്ന വിധി എഎപി സർക്കാരിന് രാഷ്ട്രീയ നേട്ടം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ മാറ്റം പോലുള്ള തീരുമാനങ്ങൾ ഡൽഹി സർക്കാർ എടുത്തുതുടങ്ങിയതിന് പിന്നാലെയാണ് അർധരാത്രി ഓർഡിനൻസ് ഇറക്കി കേന്ദ്രം വെട്ടാൻ ശ്രമിച്ചത്. 

വിധി വഴി മുഖ്യമന്ത്രിക്ക് കിട്ടിയ അധികാരം അതോറിറ്റിയെ നിയോഗിച്ചാണ് കേന്ദ്രം മറിക്കടന്നത്. സ്ഥലമാറ്റം,നിയമനം വിജിലന്‍സ് അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസസ് അതോറിറ്റി കേന്ദ്രം രൂപീകരിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം വീണ്ടും അധികാരം ഉറപ്പിച്ചത്.

മുഖ്യമന്ത്രിയാണ് സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിൽ വോട്ടെടുപ്പിലൂടെ എല്ലാം നിശ്ചയിക്കണം എന്ന നിർദ്ദേശം ഭരണനിർവ്വഹണത്തിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കും മുകളിലാക്കുന്നതാണെന്നാണ് വിമർശനം. കേന്ദ്രസർക്കാർ പ്രതിനിധിയായി തർക്ക വിഷയങ്ങളിൽ അന്തിമതീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്‌റ്റനന്റ് ഗവർണർക്കും നൽകി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week