ബംഗലൂരു: തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശരാക്കി മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസണ്‍ ഡക്കായി മടങ്ങി. മുന്‍ നിര ഓരോരുത്തരായി കീഴടങ്ങിയതിന് പിന്നാലെയാണ് സഞ്ജു ആരാധകരെ നിരാശരാക്കി മടങ്ങിയത്.ആദ്യ പന്തുതന്നെ ഉയര്‍ത്തിയടിയ്ക്കാനുള്ള ശ്രമം നിസാരമായ ക്യാച്ചിലാണ് അവസാനിച്ചത്.ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ 6.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് നേടാനെ ഇന്തയ്ക്ക് കഴിഞ്ഞുള്ളൂ.ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും റിങ്കുസിംഗുമാണ് ക്രീസില്‍.
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു ടീമിലുണ്ടെന്ന് രോഹിത് ടോസിനിടെ പറഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കൈയടികളായിരുന്നു.
ലോകകപ്പിനുമുമ്പ് കളിക്കുന്ന അവസാന ടി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടു മത്സരത്തിലും ജയം ആധികാരികമായിരുന്നു. രണ്ടും ചേസ് ചെയ്ത് ജയിച്ചതിനാല്‍ ബാറ്റിങ് യൂണിറ്റ് ആത്മവിശ്വാസത്തിലാണ്.
ജൂണിലാണ് ടി 20 ലോകകപ്പ്. അതിനുമുമ്പ് ഇന്ത്യയുടെ അവസാന ടി 20 മത്സരമാണ് ബുധനാഴ്ച നടക്കുന്നത്. ആദ്യ രണ്ടുമത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ അവസരം നന്നായി ഉപയോഗപ്പെടുത്തത്തണമായിരുന്നു.ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതോടെ സഞ്ജുവിന്റെ ലോക കപ്പ് സ്വപ്‌നങ്ങളും തുലാസിലായി