EntertainmentNews

നവാഗത സംവിധായകര്‍ക്ക് അവസരം; പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് സാന്ദ്ര തോമസ്

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് സാന്ദ്ര ഇക്കാര്യംഫ അറിയിച്ചത്.

തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്

കഥകളുടെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി നിലാവിലേക്ക് തുറന്ന് വിടുന്നതു പോലെയുള്ള സ്വപ്നക്കാഴ്ചയിലാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സിനിമകള്‍ തുടങ്ങിയിരുന്നത്. സത്യം പറയട്ടെ, സിനിമ ഒരിക്കലും എന്റെ സ്വപ്നത്തിന്റെ അറ്റങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടറിഞ്ഞതും കേട്ട്‌നിറഞ്ഞതും മനസിനെ തൊട്ടതുമൊക്കെ സ്വപ്നമാക്കാന്‍ പഠിപ്പിച്ചത് സിനിമയാണ്. ആ സിനിമ പിന്നെ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നു. സിനിമയിലുടെയുള്ള നടത്തങ്ങള്‍ കിതച്ചും വീണുമുള്ള ഒരു മലകയറ്റം പോലെയായിരുന്നു. എങ്കിലും ഒരുപാട് പേരുടെ സ്വപ്നത്തിന്റെ ഭാഗമാകാന്‍ ഭാഗ്യമുണ്ടായത് സിനിമയിലൂടെയാണ്.

ആദ്യചിത്രം ഫ്രൈഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വര്‍ഷങ്ങള്‍ കഴിയുന്നു. എന്റെ തങ്കത്തിന്റെയും കൊലുസുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ ഒരു പാട് സുമനസുകള്‍ ഞാന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തില്‍ ഞാന്‍ സിനിമയുടെ പരിസരം വിട്ട് എങ്ങോട്ടും പോയിട്ടില്ല. എവിടേക്കും പോകുന്നുമില്ല. എന്റെ പപ്പയുടെ റൂബി ഫിലിംസിന്റെ ചിത്രങ്ങളില്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടവുമായി ഞാന്‍ ഇവിടെത്തന്നെയുണ്ടായിരുന്നു. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയനും സൗബിന്‍ നായകനാകുന്ന കള്ളന്‍ ഡിസൂസയും റൂബി ഫിലിംസ് നിര്‍മിച്ചതാണ്. കള്ളന്‍ ഡിസൂസ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇതിനുമപ്പുറം ഒട്ടേറെച്ചിത്രങ്ങള്‍ക്ക് സഹായത്തിന്റെ ഒരു കൈത്താങ്ങാന്‍ കഴിഞ്ഞു. കഥാചര്‍ച്ചകള്‍ മുതല്‍ റിലീസ് വരെയുള്ള സിനിമയുടെ നീണ്ട ഘട്ടങ്ങളില്‍ പലര്‍ക്കുമൊപ്പം ഒരുമനസോടെ നില്‍ക്കുന്നുണ്ട്.

‘ഇവിടെയുണ്ടായിരുന്നു
ഞാനെന്നതിനൊരു
തൂവല്‍കൂടി താഴെയിടുകയാണ്’

എന്റെ സ്വന്തം സിനിമാ നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് ഉടനുണ്ടാകും. എന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും ഞാന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കും.

സാന്ദ്രാതോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രവും ഒരു നവാഗത സംവിധായകന്റേതാണ്. സിനിമ കൊതിക്കുന്നവര്‍ക്ക് ഈ ആകാശത്തിലേക്കുള്ള ജനാലകള്‍ തുറന്നിടുന്നതാവും പുതിയ നിര്‍മാണക്കമ്പനി. കഥപറയാന്‍ വേണ്ടി സിനിമ സ്വപ്നം കാണുന്ന കുറേയേറെപ്പേര്‍ വിളിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയ്ക്കപ്പുറം തിയറ്റര്‍ തുറന്നിട്ട് കഥകേള്‍ക്കാനിരിക്കാം. കുറേ കഥകള്‍ കേള്‍ക്കാനുണ്ട്. ഒരു കാര്യം കൂടി പറയട്ടെ, സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാത്തിനെയും നിലനിര്‍ത്തുന്നത് കാഴ്ചക്കാരാണ്. അവരുടെ ഹൃദയങ്ങളിലാണ് യഥാര്‍ഥ സിനിമകള്‍ നിലനില്‍ക്കുന്നതും. ഇതുവരെയുണ്ടായിരുന്നത് പോലെ ഒപ്പമുണ്ടാകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker