തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവർത്തകനും ചേർന്നാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്‍കി. ആശ്രമം കത്തിച്ച ശേഷം പ്രകാശ് റീത്ത് അവിടെ വച്ചു. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ.
ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെത്തിയത്. ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ശബരി എന്ന ആളെയാണ് ഇനി പിടികൂടാനുള്ളത്.
2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.