കൊച്ചി: കൊച്ചിന്‍ ജോയിന്റ് എക്സൈസ് കമ്മീഷണറോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. വിദേശത്ത് നിന്ന് മയക്കുമരുന്ന് ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി വന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സന്ദീപ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്ര റെയ്ഡുകള്‍ നടത്തിയെന്നും, കേസില്‍ പുനലൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു എന്ന അഭ്യൂഹത്തില്‍ എന്താണ് മറുപടിയെന്നും അതിന്റെ അന്വേഷണം എവിടെ വരെയായി എന്നും അദ്ദേഹം ചോദിക്കുന്നു.
‘കൊച്ചിന്‍ ജോയിന്റ് എക്സൈസ് കമ്മീഷണറോട് ചില ചോദ്യങ്ങള്‍: വിദേശത്ത് നിന്ന് മയക്കുമരുന്ന് ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി വന്ന വിവരം കസ്റ്റംസ് കൈമാറിയത് അനുസരിച്ച് എത്ര റെയ്ഡുകള്‍ നടത്തി? ഈ കേസില്‍ പുനലൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തിട്ടുണ്ടോ ? തുടര്‍ന്ന് നടന്ന റെയ്ഡില്‍ നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തോ ? അതിന്റെ അന്വേഷണം എവിടെയെത്തി ? വാര്‍ത്ത മാധ്യമങ്ങള്‍ മുക്കിയോ ?’, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത്. ലഹരി സ്റ്റാമ്പുകളും കൊക്കെയ്നുകളുമുള്‍പ്പെടെ മാരക മയക്കുമരുന്നുകളാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മെട്രോ വാര്‍ത്ത ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തേവര മാളിയേക്കല്‍ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത ശേഷം, എറണാകുളം എക്സൈസ് സംഘം പൃഥ്വിരാജുമായി ഫോണില്‍ ബന്ധപ്പെട്ടു. യുവാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.