‘നിന്നോട് തൂങ്ങിച്ചാകാന്‍ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’; മനസ് തകര്‍ത്ത വാക്കുകളെ കുറിച്ച് നിമിഷ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഒരു മത്സരാര്‍ത്ഥിയാണ് നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു നിമിഷ. നിയമ വിദ്യാര്‍ത്ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. ഹൈസിനുള്ളില്‍ വെച്ച് സഹമത്സരാര്‍ത്ഥികളുമായി സൗഹൃദം പങ്കിടവെ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും നിമിഷ തുറന്നു പറഞ്ഞു. ജനിച്ചപ്പോള്‍ മുതല്‍ നേരിട്ട മാനസിക പീഡനത്തെ കുറിച്ചാണ് നിമിഷ വെളിപ്പെടുത്തിയത്.

അച്ഛന് ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍, പെണ്‍കുട്ടി ആയതിനാല്‍ അച്ഛന് ചെറുപ്പം മുതല്‍ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി. മോഡലിങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ടാണ് അച്ഛന്‍ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകള്‍ മാത്രമാണ് അദ്ദേഹം തന്നോട് എപ്പോഴും പറയാറുള്ളതെന്നും നിമിഷ പറയുന്നു.

‘സാധാരണ ഒരു അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാന്‍ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതല്‍ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി. എല്ലാ കാര്യത്തിലും എന്നെ തളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാന്‍ പഠിച്ചു.

അക്കാദമിക് ഉണ്ടെങ്കില്‍ എല്ലാം ആയി എന്നായിരുന്നു അപ്പോള്‍ എന്റെ വിശ്വാസം. പക്ഷെ, അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട്, ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. അത് വീട്ടില്‍ പ്രശ്‌നമായി. അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുമ്പില്‍ തുണി അഴിക്കാറുണ്ട് എന്നാണ് അവര്‍ എന്നോട് തന്നെ പറഞ്ഞത്.

ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് വിളിച്ച്. ‘ഞാന്‍ നിന്നോട് പോയി തൂങ്ങിച്ചാകാന്‍ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’ എന്ന് എന്റെ ശരീരത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. അവിടെ നിന്നുമാണ് ഞാന്‍ ഫിറ്റ്‌നസ് നോക്കാന്‍ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം കുറച്ചു’, നിമിഷ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News