KeralaNews

സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴി പൂര്‍ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ന് പ്രധാനമായും കോടതിയില്‍ നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ്. കള്ളപ്പണം തടയല്‍ നിയമ പ്രകാരമുള്ള അന്വേഷണം എന്നത് ആര്‍ക്കെതിരെയും കള്ള തെളിവുണ്ടാക്കാനുള്ള ലൈസന്‍സ് അല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലെ വിവരങ്ങളാണ്. അതിന് കള്ളപ്പണക്കേസുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇഡി ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളാണ് സന്ദീപിന്റേതടക്കമുള്ള മൊഴികള്‍ എന്നും ഇത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്. സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജന്‍സിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹര്‍ജിയില്‍ ഇഡി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button