മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ് ഇന്നലെയാണ് വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യം ശക്തമാകുന്നുണ്ട്. പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ ടിപ്പര്‍ ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ പ്രദീപിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
‘ഭീരുക്കള്‍ പട്ടാപ്പകല്‍ വണ്‍വേ റോഡില്‍ പിന്നില്‍ നിന്ന് ഇടിച്ചു കൊന്നപ്പോള്‍ പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികള്‍ ജീവിക്കുന്ന ഈ പുഴുത്ത സമൂഹത്തിനു വേണ്ടിയായിരുന്നു. അവന്റെ ലളിതമായ ജീവിതവും സത്യസന്ധതയും ആയിരുന്നു അവന്റെ രാഷ്ട്രീയം. അത് മാത്രമാണ് സത്യം. പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്. അവന്‍ ഇവിടെയുണ്ട്. ഇനിയവനെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്ന് മാത്രം’ – സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
എസ്. വി. പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവന്‍ അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അവന് വേണമെങ്കില്‍ പണം സമ്പാദിക്കാനായി മൗനം പാലിക്കാമായിരുന്നു. അല്ലെങ്കില്‍ അധികാരത്തിന്റെ പൊട്ടും പൊടിയും നേടാന്‍ പലരും ചെയ്യുന്നപോലെ ആര്‍ക്കെങ്കിലും വേണ്ടി ഒച്ചയുണ്ടാക്കാമായിരുന്നു. ഒന്നാന്തരം വാഗ്മിയായിരുന്നു അവന്‍. നല്ല അഭിഭാഷകനാകുമായിരുന്നു. നാടക പ്രവര്‍ത്തകനായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ധീരനായിരുന്നു. വധഭീഷണികള്‍ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളിയായിരുന്നു.
അവന്റെ ശൈലിയില്‍ എനിക്കുള്‍പ്പെടെ ധാരാളം പേര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പക്ഷെ അവന്റെ സ്വാതന്ത്ര്യ ബോധത്തെ അസൂയയോടെ മാത്രമേ നോക്കികാണാന്‍ പോലും എനിക്ക് കഴിഞിട്ടുള്ളൂ. ഏറാന്മൂളിയാകാന്‍ സമ്മതമാകുമായിരുന്നെങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും അവന് സ്ഥാനം ലഭിക്കുമായിരുന്നു. എത്ര വേണമെങ്കിലും പണമുണ്ടാക്കാമായിരുന്നു. പിന്നില്‍ വന്ന് ഇടിച്ചുവീഴ്ത്താന്‍ കഴിയാത്തവിധം ഒരു നാലുചക്രവാഹനമെങ്കിലും സമ്പാദിക്കാമായിരുന്നു. തനിക്ക് കിട്ടുന്നപണമല്ലായിരുന്നു അവന്റെ സംതൃപ്തി. തനിക്ക് ശരിയെന്ന് വിശ്വാസമുള്ളത് വിളിച്ചു പറയുന്നതില്‍ അവനു ഹരമായിരുന്നു. പക്ഷെ അതൊന്നും അവനുവേണ്ടിയോ കുടുംബത്തിനുവേണ്ടിയോ അവന്റെ പറക്കമുറ്റാത്ത മകന് വേണ്ടിയോ ആയിരുന്നില്ല.
ഭീരുക്കള്‍ പട്ടാപ്പകല്‍ വണ്‍വേ റോഡില്‍ പിന്നില്‍ നിന്ന് ഇടിച്ചു കൊന്നപ്പോള്‍ പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികള്‍ ജീവിക്കുന്ന ഈ പുഴുത്ത സമൂഹത്തിനു വേണ്ടിയായിരുന്നു. അവന്റെ ലളിതമായ ജീവിതവും സത്യസന്ധതയും ആയിരുന്നു അവന്റെ രാഷ്ട്രീയം. അത് മാത്രമാണ് സത്യം. പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്. അവന്‍ ഇവിടെയുണ്ട്. ഇനിയവനെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്ന് മാത്രം.