പതിനാലുകാരിയായ മകളെ അച്ഛന്‍ 4 ലക്ഷം രൂപയ്ക്ക് വിറ്റു! വാങ്ങിയയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; പെണ്‍കുട്ടിയ്ക്ക് രക്ഷകരായത് പോലീസ്

ഭോപ്പാല്‍: അച്ഛന്‍ നാലു ലക്ഷം രൂപയ്ക്ക് വിറ്റ 14 വയസുകാരി ബലാത്സംഗത്തിനിരയി. മധ്യപ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ പടിഞ്ഞാറ് ഉജ്ജൈനില്‍ നിന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയയാതായി പോലീസ് പറഞ്ഞു. വിവാഹം കഴിപ്പിക്കാനെന്ന വ്യാജേന ഉജ്ജൈന്‍ സ്വദേശിയായ പെണ്‍കുട്ടിയെ നവംബറില്‍ മാതാപിതാക്കള്‍ ഉദയ്പൂരിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി എതിര്‍ത്തുവെങ്കിലും നവംബര്‍ 24 ന് ഉദയ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് പിതാവ് പെണ്‍കുട്ടിയുടെ വിവാഹം നടത്തി.

അതിനുശേഷം പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം അയച്ച ശേഷം രക്ഷിതാക്കള്‍ ഉജൈനിലേക്ക് മടങ്ങിയെത്തി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇയാള്‍ മാതാപിതാക്കള്‍ നാലു ലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ തനിക്ക് വിറ്റിരിക്കുകയാണെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഡിസംബര്‍ എട്ടിന് മാതാപിതാക്കളെ അവസാനമായി കാണാനായി ഉജ്ജൈനിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടി ഇയാളോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഉജ്ജൈനിലേക്ക് കൊണ്ടുവന്നു. ഞായറാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ഉദയ്പൂരിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും വിസമ്മതിക്കുകയും, വിവരം അമ്മായിയെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അമ്മായി പോലീസിനെ വിവരം കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്, ഉദയ്പൂര്‍ സ്വദേശിയായ യുവാവ്, രണ്ട് സ്ത്രീകള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത്, വ്യഭിചാരക്കുറ്റം, പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പോക്‌സോ വകുപ്പ്, ശൈശവ വിവാഹം തടയല്‍ തുടങ്ങിയ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News