മുംബൈ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഓസ്‌ട്രേലിയയിലെ വിക്കറ്റുകളില്‍ ഒന്നാം നമ്പര്‍ ബോളര്‍മാര്‍ക്കെതിരെ ഏറ്റവും അധികം ഭീഷണി ഉയര്‍ത്താന്‍ പോന്ന താരങ്ങളില്‍ ഒരാള്‍ സഞ്ജു സാംസണ്‍ ആണെന്ന് പറഞ്ഞ ശാസ്ത്രി, ഏറ്റവും അധികം ഷോട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ താരം സഞ്ജുവാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ട്വന്റി20 മത്സരങ്ങളില്‍ ഷോട്ട് ലെങ്ത് ബോളുകള്‍ക്കു നിര്‍ണായക റോളുണ്ട്. രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തമ്മിലാകും ടീം സ്ഥാനത്തിനായി മത്സരിക്കുന്നത്. പക്ഷേ, ഓസ്‌ട്രേലിയയിലെ വിക്കറ്റുകളിലേക്കു നോക്കുമ്പോള്‍, അവിടെ ബൗണ്‍സും പേസുമുണ്ട്.
കട്ട് ഷോട്ടും പുള്‍ ഷോട്ടുമായി അത്തരം വിക്കറ്റുകളില്‍ നിറഞ്ഞു നില്‍ക്കാന്‍ സഞ്ജുവിനു സാധിക്കും. സത്യം പറഞ്ഞാല്‍ ഏറ്റവും അധികം ഷോട്ട് വൈവിധ്യമുള്ള ഇന്ത്യന്‍ താരം സഞ്ജുവാണ്’- ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു ശാസ്ത്രി പറഞ്ഞു.
ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ കളിക്കില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ട്വന്റി20 ലോകകപ്പിനു മുന്‍പായി ഇന്ത്യയ്ക്ക് 25ല്‍ അധികം മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്.