സ്വപ്‌നയുമായി അടുത്ത പരിചയം,പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല, മുഖ്യമന്ത്രിയെ പരിചയമില്ല, തുറന്ന് പറഞ്ഞ് ഷാജ് കിരണ്‍
കൊച്ചി: മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടയുള്ള സി പി എം നേതാക്കളെയോ പരിചയമില്ലെന്നും എന്നാല്‍ സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും ഷാജി കിരണ്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഷാജി കിരണ്‍ എന്നയാള്‍ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ ഷാജി കിരണ്‍ ആവശ്യപ്പെട്ടുവെന്നും അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുപറഞ്ഞ സ്വപ്ന ശബ്ദരേഖ കൈയിലുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷാജി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
‘മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല. കോണ്‍ഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഞാന്‍ ഒരു മുന്‍ മാദ്ധമപ്രവര്‍ത്തകനാണ്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രം. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അവരെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു.
അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെയൊരു ഉപദേശം നല്‍കിയത്. ഞാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ഉണ്ടെങ്കില്‍ പുറത്തുവിടട്ടെ. 32,000 രൂപ മാത്രമാണ് എന്റെ അക്കൗണ്ടില്‍ ഉള്ളത്. കെ.പി.യോഹന്നാന്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ല. സ്വപ്നയുടെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ ഇന്നലെ പോയിരുന്നു. പോയ വാഹനം എന്റെയല്ല. ഒരു സുഹൃത്തിന്റെ പേരിലുള്ളതാണ് വാഹനം. ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്ന് മാത്രം. ഞാന്‍ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഷാജി കിരണ്‍ എന്നത് സുഹൃത്തുക്കള്‍ വിളിക്കുന്ന പേരാണ്’- ഷാജ് കിരണ്‍ പറഞ്ഞു.
മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് സ്വപ്ന അപേക്ഷ നല്‍കിയത്. ഹൈക്കോടതിയിലാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും സ്‌കാനിംഗില്‍ ബാഗില്‍ കറന്‍സിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്നയുടെ ഒരു ആരോപണം. ക്‌ളിഫ്ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്ന ആരോപിച്ചു.
വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം.ശിവശങ്കര്‍, കെ.ടി ജലീല്‍, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവര്‍ക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്ന ആരോപിച്ചത്. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു