കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) സ്‌കൂള്‍ നവീകരണ പദ്ധതി നടത്തിപ്പില്‍ നിന്ന് കേരളം പൂര്‍ണ്ണമായി പിന്മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ സ്‌കൂളുകള്‍ വഴി നടപ്പാക്കപ്പെടുമെന്ന ആശങ്ക ശക്തമാണെന്നും സമസ്ത ചൂണ്ടിക്കാട്ടി. അതിനാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട സമസ്ത പ്രതിനിധി സംഘം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ആവശ്യങ്ങളും അദ്ദേഹത്തിന് മുന്നില്‍ സമര്‍പ്പിച്ചു. കേരളത്തില്‍ ഒരു ‘അറബിക് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാല’ (അറബിക്-വിദേശ ഭാഷാ സര്‍വകലാശാല) സ്ഥാപിക്കണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കൂടാതെ, നിലവില്‍ മുസ്ലിം സമുദായത്തിന് ഏറെ പ്രാധാന്യമുള്ള ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ അവധി ദിവസങ്ങള്‍ അനുവദിക്കണമെന്നും, ഇവ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയായി അനുവദിച്ച് സര്‍ക്കാര്‍ കലണ്ടറില്‍ തന്നെ സ്ഥിരമായി രേഖപ്പെടുത്തണമെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
അതേ സമയം സംഘപരിവാര്‍ ബന്ധമുള്ളവരുടെ നിയമനങ്ങളില്‍ വിമര്‍ശനവുമായി സമസ്ത രംഗത്ത് വന്നിരുന്നു. സംഘപരിവാര്‍ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നതില്‍ സ്വാഭാവികമായി പ്രതിഷേധമുണ്ടാകുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പ്രതിഷേധം യുക്തമായ രീതിയില്‍ അവതരിപ്പിക്കല്‍ അനിവാര്യമാണ്. അതാണ് മാധ്യമങ്ങളില്‍ വരുന്നത്. കേരളത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോകാതെ സൗഹാര്‍ദ്ദ രീതിയില്‍ കൊണ്ടുപോകുമെന്ന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്ന് വന്നിരുന്നു. അതാണ് ജനം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ കാരണം.
മുഖ്യമന്ത്രി നിലപാടില്‍ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് എന്നത് കടമയാണ്. അതാണ് ചെയ്യുന്നതെന്നും യുഡിഎഫ് ഇക്കാര്യം ഗൗരവത്തില്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത ആളാണ് മുഖ്യമന്ത്രി. അതില്‍ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചര്‍ച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫില്‍ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. എബിവിപി സജീവ പ്രവര്‍ത്തകനെ ഗവ. പ്ലീഡര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതിയ സര്‍ക്കാര്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ കയറിയിറങ്ങുകാണെന്നും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡര്‍മരുടെ നിയമനത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് മുന്‍ മന്ത്രി പി രാജീവ് ആരോപിച്ചു. ചിലവ് ചുരുക്കല്‍ പറയുന്നവര്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നു. താത്പര്യമുള്ളവരെ നിയമിക്കാനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ പോസ്റ്റുകള്‍ സൃഷ്ടിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.


