മലപ്പുറം: കമ്മ്യൂണിസത്തോടുള്ള നിലപാട് വ്യക്തമാക്കി സമസ്ത പ്രമേയം. കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതി ഇരിക്കണമെന്ന് സമസ്ത പ്രമേയത്തില്‍ പറയുന്നു. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണം. സമുദായത്തിനുള്ളില്‍ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. മുമ്പില്ലാത്ത വിധം വിവിധ മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം നടക്കുന്നുണ്ടെന്നും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും സമസ്ത പ്രമേയത്തില്‍ പറഞ്ഞു.
വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറാണെമെന്നും സമസ്ത പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനമാണ് പ്രമേയം അവതരിപ്പിച്ചത്. സി.പി.എമ്മുമായി സമസ്ത അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രമേയം പാസാക്കിയതെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ സമസ്ത ലീഗ് ബന്ധം ശക്തമെന്ന് പി എം എ സലാം അഭിപ്രായപ്പെട്ടു. വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ല. റാലിയില്‍ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.