CrimeKeralaNews

മോഷണ മൊബൈല്‍ വില്‍പ്പന: ആലുവ പീഡനക്കേസ് പ്രതിയുടെ സുഹൃത്തുകള്‍ അറസ്റ്റില്‍

കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വാങ്ങി വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ ആലുവയില്‍ അറസ്റ്റില്‍. ആലുവയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി മുസ്തക്കിന്‍ മൊല്ല, നോയിഡ സ്വദേശി ബിലാല്‍ ബിശ്വാസ്, മുര്‍ഷിദാബാദ് സ്വദേശി ലാല്‍ മുഹമ്മദ് മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്റ്റില്‍ രാജ് മോഷ്ടിക്കുന്ന ഫോണുകളും ഇവരാണ് വിറ്റിരുന്നത്. മോഷണം നടത്തിയ  ഫോണുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മൊബൈല്‍ ഫോണ്‍ മോഷണ പരാതികളില്‍ കഴിഞ്ഞദിവസം ക്രിസ്റ്റില്‍ രാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പില്‍ സ്വദേശി പ്രദീപിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു എന്ന പരാതിയിലാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്.

പ്രദീപിന്റെ മകള്‍ ആതിര, ആതിരയുടെ ഭര്‍ത്താവ് ഉണ്ണി എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ജനല്‍ പാളികള്‍ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു.

വീടിന്റെ സമീപത്തുള്ള സിസിടിവി പരിശോധിച്ചതില്‍ രാത്രി ഒരു മണിയോടെ ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ആലുവയിലെ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് വീട്ടില്‍ മോഷണം നടത്തിയ ആളുമായി സാമ്യം തിരിച്ചറിഞ്ഞ് ഇവര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധനയും നടത്തി. 

പുതിയ കേസുകളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പ്രതികരിച്ചു. വീടുകളില്‍ നിന്ന് മോഷ്ടിക്കുന്ന ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മറിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി.

തിരുവനന്തപുരം സ്വദേശിയെങ്കിലും സ്ഥിരമായി എവിടെയും തങ്ങാതെ മോഷണം നടത്തി വരികയായിരുന്നു പ്രതിയെന്നും പൊലീസ് അറിയിച്ചു. മറ്റൊരു പോക്‌സോ കേസും ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button