തിരുവനന്തപുരം: കെ എസ് ആർടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പലം വിതരണം ചെയ്തിട്ടില്ല. മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് 6ലെ പണിമുടക്കില്‍ നിന്ന് വിട്ടു നിന്ന സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍ പ്രതിരോധത്തിലായി. തത്ക്കാലം പണിമുടക്കിനില്ലെന്ന നിലപാടിലാണ് അവര്‍.
ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടും. എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയനും തത്ക്കാലം കടുത്ത നിലപാടിലേക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്ന് അവരും വ്യക്തമാക്കി.
കെ എസ് ആർടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണാതെ സർക്കാർ ജീവനക്കാരെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കെ എസ് ആർടിസി സ്വകാര്യ സ്ഥാപനമല്ല,പൊതു മേഖലാ സ്ഥാപനമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.കെഎസ്ആർടിസിയിൽ ശമ്പളം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തൊഴിലാളി യുണിയനുകൾ. വിവിധ സംഘടനകൾ ഇന്ന് വെവേറെ യോഗം ചേർന്ന് തീരുമാനം എടുക്കും.
കെഎസ്ആർടിസി യുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയിൽ ഉണ്ട്. മെയ് മാസത്തിലെ ശമ്പളം നൽകാൻ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്മെൻ്റ് തുടരുകയാണ്.