തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു.
ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ നടത്തിയ പ്രസംഗം തെറ്റെന്ന് സിപിഎം. മന്ത്രിസ്ഥാനം രാജിവെക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. തെറ്റ് പറ്റിയെന്ന് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ സജി ചെറിയാൻ സമ്മതിച്ചിരുന്നെന്നും കോടിയേരി വ്യക്തമാക്കി.
മല്ലപ്പള്ളിയിൽ പാര്‍ട്ടി പരിപാടിയിലെ പ്രസംഗം വിവാദമായതിന് പിന്നാലെ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും രാജി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലും പ്രസംഗം വളച്ചൊടിച്ചെന്നായിരുന്നു സജി ചെറിയാന്‍റെ നിലപാട്. തെറ്റ് പറ്റിയിട്ടില്ല, രാജി സ്വന്തം തീരുമാനമെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഇത് മൂന്നും സിപിഎം തള്ളുകയാണ്. പ്രസംഗത്തിൽ തെറ്റുപറ്റിയെന്ന് പാര്‍ട്ടി വേദിയിൽ സജി ചെറിയാൻ സമ്മതിച്ചിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് രാജിയെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.