പട്ടൗഡി കൊട്ടാരം തിരിച്ചുപിടിച്ച് സെയ്ഫലി ഖാന്‍,ചെലവഴിയ്‌ക്കേണ്ടി വന്നത് ആജീവനാന്ത സമ്പാദ്യം
ന്യൂഡല്‍ഹി: തങ്ങളുടെ സ്വന്തം കൊട്ടാരമായ പടൗഡി തിരിച്ചുപിടിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. പ്രശസ്തരായ തന്റെ അച്ഛന്റെയും മുത്തച്ഛന്മാരുടേയും സ്മരണകളുറങ്ങുന്ന കൊട്ടാര സമുച്ചയം തിരികെ പിടിച്ച് സ്വന്തമാക്കി നടന്‍ സെയ്ഫ് അലിഖാന്‍ പടൗഡി. രാജകുടുംബാംഗവും പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരവും നായകനു മായിരുന്ന മന്‍സൂര്‍ അലിഖാന്‍ പടൗഡിയുടെ മകനാണ് നടന്‍ സെയ്ഫ് അലിഖാന്‍. പടൗഡിയുടെ മരണശേഷം നീംറാണാ ഹോട്ടല്‍ ശൃംഖലയുടെ കൈവശമാ യിരുന്നു കൊട്ടാരം. തന്റെ അച്ഛന്റെ മരണശേഷം ഹോട്ടല്‍ ശൃംഖലയ്ക്ക് കൈമാറിയ പൈതൃക സ്വത്ത് തിരികെ പിടിക്കാന്‍ സിനിമാ ജീവിതംകൊണ്ട് നേടിയ തുക മുഴുവന്‍ ചിലവാക്കേണ്ടിവന്നെന്നാണ് സെയ്ഫ് അലി ഖാന്‍ വ്യക്തമാക്കിയത്.
ഭാര്യയും നടിയുമായ കരീനാ കപൂറുമൊത്തുള്ള എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടെയാണ് അപൂര്‍വ്വമായ തന്റെ നേട്ടം സെയ്ഫ് അലി ഖാന്‍ പുറത്തുവിട്ടത്. 2014ല്‍ തിരികെ തരാമെന്ന് ഹോട്ടല്‍ ശൃംഖലക്കാര്‍ വാഗ്ദ്ദാനം നല്‍കിയെങ്കിലും അന്നത് വലിയ തുകയായിരുന്നുവെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ഹരിയാനയിലാണ് പത്ത് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മുന്‍കാല പട്ടൗഡി രാജകൊട്ടാരം. 150 മുറികളാണ് ആകെയുള്ളത്. ഇതില്‍ ഏഴ് കിടപ്പുമുറികളും അതിനോട് ചേര്‍ന്ന് ഏഴ് ഒരുങ്ങാനുള്ള മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഏഴു ബില്ലാര്‍ഡ്സ് റൂമുകളും കൊട്ടാരത്തിനകത്തുണ്ട്.