അർജുന്റെ ഐപിഎൽ പ്രകടനു; കണ്ണ് നിറയ്ക്കുന്ന വൈകാരിക കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

'നിന്റെ കഴിവില്‍ നീ വിശ്വസിച്ചു; അവസരം ലഭിക്കുവോളം, അവസാന മത്സരത്തോളം കാത്തിരുന്നു; പ്രതിഭ പോലെ തന്നെ ക്ഷമയും പരീക്ഷിക്കുന്നയിടമാണ് ക്രിക്കറ്റ്; രണ്ടും നീ മനോഹരമായി കൈകാര്യം ചെയ്തു';  അര്‍ജുനെ പുകഴ്ത്തി വൈകാരിക കുറിപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; അഭിനന്ദിച്ച് സാറയും യുവരാജ് സിങും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി, പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന ലീഗ് മത്സരത്തിലാണ് യുവ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്. മകന്റെ ഈ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലുണ്ടായ അരങ്ങേറ്റത്തിന് പിന്നാലെ, കായികലോകത്തിന്റെ കണ്ണുനിറയ്ക്കുന്ന അതീവ വൈകാരികമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് എന്ന കളി ഒരു മനുഷ്യന്റെ കഴിവിനെയും ക്ഷമയെയും ഒരുപോലെ പരീക്ഷിക്കുന്ന ഒന്നാണെന്നും, അര്‍ജുന്‍ ആ രണ്ട് പരീക്ഷകളെയും വളരെ മനോഹരമായാണ് കൈകാര്യം ചെയ്തതെന്നും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അത്യപൂര്‍വമായി മാത്രം മകനെക്കുറിച്ച് പരസ്യമായി സംസാരിക്കാറുള്ള സച്ചിന്റെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.

മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുന്‍, അവിടെ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഈ സീസണിന് മുന്നോടിയായി ലക്നൗ സൂപ്പര്‍ ജയന്റ്‌സ് പാളയത്തില്‍ എത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ലക്നൗവിന്റെ ബെഞ്ചിലിരിക്കാനായിരുന്നു ഈ സീസണിലുടനീളം താരപുത്രന്റെ വിധി. ഒടുവില്‍ ടീമിന്റെ ഈ സീസണിലെ അവസാന മത്സരത്തിലാണ് അര്‍ജുന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. മത്സരത്തില്‍ ലക്നൗ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ സംഭാവന നല്‍കി ഭേദപ്പെട്ട പ്രകടനത്തോടെയാണ് അര്‍ജുന്‍ കളംവിട്ടത്. പവര്‍പ്ലേയ്ക്ക് പിന്നാലെ പന്തെറിയാനെത്തിയ അര്‍ജുന്‍ തന്റെ ആദ്യ ഓവറില്‍ വെറും 4 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 15 റണ്‍സ് വഴങ്ങി അല്പം സമ്മര്‍ദ്ദത്തിലായെങ്കിലും, ശക്തമായി തിരിച്ചുവന്ന താരം തന്റെ മൂന്നാം ഓവറില്‍ പഞ്ചാബിന്റെ അപകടകാരിയായ ഓപ്പണര്‍ പ്രഭ്സിമ്രന്‍ സിംഗിനെ പുറത്താക്കി തന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചു. 17-ാം ഓവറില്‍ താരം വഴങ്ങിയത് അഞ്ച് റണ്‍സ് മാത്രമാണ്. ലക്നൗ ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ 5 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്ന താരം മത്സരത്തില്‍ ഒരു മികച്ച ക്യാച്ചും സ്വന്തമാക്കിയിരുന്നു.

മത്സരത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സച്ചിന്‍ മകനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്. ”അര്‍ജുന്‍, നീ നന്നായി കളിച്ചു. സീസണിലുടനീളമുള്ള നിന്റെ ഈ യാത്രയില്‍ എനിക്ക് അഭിമാനമുണ്ട്. നിന്റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു. ശാന്തമായി കഠിനാധ്വാനം തുടര്‍ന്നു, പോസിറ്റീവായി അവസരം ലഭിക്കുവോളം, അവസാന മത്സരത്തോളം കാത്തിരുന്നു. പലപ്പോഴും പ്രതിഭ പോലെ തന്നെ ക്ഷമയും പരീക്ഷിക്കുന്നയിടമാണ് ക്രിക്കറ്റ്. രണ്ടും നീ മനോഹരമായി കൈകാര്യം ചെയ്തു. എപ്പോഴത്തേയും പോലെ ക്രിക്കറ്റിനെ സ്‌നേഹിച്ചു. നിറഞ്ഞ സ്‌നേഹം.” സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എപ്പോഴും വിനയമുള്ളവനായിരിക്കാനും കളിയോടുള്ള ഈ ആത്മാര്‍ത്ഥമായ സ്നേഹം തുടര്‍ന്നും നിലനിര്‍ത്താനും ഉപദേശിച്ചാണ് സച്ചിന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 2023-ല്‍ മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ അരങ്ങേറിയപ്പോഴാണ് സച്ചിന്‍ ഇതിനുമുമ്പ് മകനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ടുള്ളത്. സച്ചിന്റെ പോസ്റ്റിന് താഴെ സഹോദരി സാറ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് തുടങ്ങിയ പ്രമുഖര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അര്‍ജുനെ അഭിനന്ദിച്ച് സാറയും മറ്റൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ”ഇതു നീ അര്‍ഹിക്കുന്നു, സഹോദരാ. നിന്റെ കഠിനാധ്വാനത്തിലും, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവിലും, ഈ സമയത്തത്രയും നീ കാണിച്ച ക്ഷമയിലും ഞാന്‍ ഒരുപാട് ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു. എപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു (പിന്നെ അതിനേക്കാളേറെയും).” അര്‍ജുന്റെ ചിത്രം പങ്കുവച്ച് സാറ കുറിച്ചു. അര്‍ജുന്‍ ഈ നേട്ടം പൂര്‍ണ്ണമായും അര്‍ഹിക്കുന്നുണ്ടെന്ന് സാറ കുറിച്ചു. ഒപ്പമുള്ളവരുടെ വലിയ പ്രതീക്ഷകളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള അര്‍ജുന്റെ കഴിവിനെയും, ഇത്രയും നാള്‍ താരം കാണിച്ച കഠിനാധ്വാനത്തെയും ക്ഷമയെയും താന്‍ ഒരുപാട് ഒരുപാട് അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും അര്‍ജുന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സാറ കുറിച്ചു. പരാജയപ്പെട്ടെങ്കിലും അര്‍ജുന്റെ പോരാട്ടവീര്യവും, ഇതിഹാസ താരത്തിന്റെ കുടുംബത്തില്‍ നിന്നുണ്ടായ ഈ ഹൃദയസ്പര്‍ശിയായ പിന്തുണയും ക്രിക്കറ്റ് ആരാധകരുടെ മനസ്സുനിറയ്ക്കുന്ന ഒന്നായി മാറി.

Cricket legend Sachin Tendulkar shared an emotional social media post celebrating his son Arjun Tendulkar’s IPL debut for Lucknow Super Giants against Punjab Kings. Sachin emphasized that cricket tests both a person’s ability and patience, praising Arjun for handling both challenges beautifully. The rare public reflection from the legendary batsman regarding his son’s hard work and perseverance has gone viral across sports platforms.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News