ലഗേജിനുള്ളിൽ പവർ ബാങ്ക് വെച്ച് ഫോൺ ചാർജ് ചെയ്തു; ലണ്ടനിലേക്കുള്ള ഈസിജെറ്റ് വിമാനം റോമിൽ അടിയന്തരമായി ഇറക്കി

ലണ്ടൻ: വിമാനയാത്രക്കാർ വലിയ പെട്ടികളിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നത് കർശനമായി നിരോധിച്ചിരിക്കെ, ലഗേജിനുള്ളിൽ പവർ ബാങ്ക് കണക്ട് ചെയ്ത് ഫോൺ ചാർജ് ചെയ്യാൻ വെച്ച സംഭവത്തെത്തുടർന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനം ആകാശമധ്യേ അടിയന്തരമായി തിരിച്ചുവിട്ടു. ഈജിപ്തിലെ ഹുർഘദയിൽ നിന്നും ലണ്ടനിലെ ലൂട്ടൺ (Luton) വിമാനത്താവളത്തിലേക്ക് പുറപ്പെട്ട EZY2618 എന്ന വിമാനമാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ഫിയുമിസിനോ എയർപോർട്ടിലേക്ക് (Rome Fiumicino) അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചത്.

വിമാനം ആകാശത്തിലൂടെ പറക്കുന്നതിനിടെയാണ് ഒരു വനിതാ യാത്രക്കാരി താൻ വലിയ പെട്ടിക്കുള്ളിൽ (ലഗേജ് ഹോൾഡ്) പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ടുണ്ടെന്ന വിവരം ക്യാബിൻ ക്രൂവിനെ അറിയിക്കുന്നത്. ലിഥിയം-അയൺ ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ ഇത്തരത്തിൽ അടച്ചിട്ട ലഗേജ് ഏരിയയിൽ വെക്കുന്നത് വലിയ തീപിടുത്തത്തിന് കാരണമാകുമെന്നതിനാൽ വിമാനത്തിലെ ജീവനക്കാർ ഉടനടി ക്യാപ്റ്റനെ വിവരമറിയിച്ചു.

സ്ഥിതിഗതികൾ മനസ്സിലാക്കിയ ക്യാപ്റ്റൻ പെട്ടെന്ന് തന്നെ വിമാനത്തിന്റെ ദിശ മാറ്റുകയും റോമിലേക്ക് തിരിച്ചുവിടാൻ അനുമതി തേടുകയും ചെയ്തു. എന്നാൽ യാത്രക്കാരോട് കാര്യം വിശദീകരിക്കാതെ, “നമ്മുടെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് (Hold) ഉണ്ടാകാൻ പാടില്ലാത്ത ചിലത് അവിടെയുണ്ട്” എന്ന് മാത്രമാണ് ക്യാപ്റ്റൻ അനൗൺസ് ചെയ്തത്. ഇതോടെ വിമാനത്തിനുള്ളിൽ ബോംബ് ഭീഷണിയാണോ എന്ന് ഭയന്ന് യാത്രക്കാർ വലിയ രീതിയിൽ പരിഭ്രാന്തരായി.

വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയത് യാത്രക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. റോമിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് ഒരു യാത്രക്കാരി ലഗേജിൽ ചാർജർ വെച്ചതുകൊണ്ടാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതെന്ന യഥാർത്ഥ വിവരം അധികൃതർ യാത്രക്കാരോട് വ്യക്തമാക്കിയത്. ബോംബ് ഭീഷണിയല്ലെന്ന് അറിഞ്ഞതോടെയാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത്.

അടിയന്തര ലാൻഡിംഗിന് ശേഷം വിമാനക്കമ്പനിക്ക് ലണ്ടനിലേക്ക് തൊട്ടടുത്ത സർവീസ് ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ 180 ഓളം വരുന്ന യാത്രക്കാർക്ക് രാത്രി മുഴുവൻ റോമിൽ കഴിയേണ്ടി വന്നു. ചില യാത്രക്കാർക്ക് കമ്പനി ഹോട്ടൽ താമസവും ഭക്ഷണവും ഒരുക്കിയപ്പോൾ, മറ്റുചിലർക്ക് എയർപോർട്ട് ടെർമിനലിൽ തന്നെ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു. തുടർന്ന് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷമാണ് യാത്രക്കാരെ ലണ്ടനിലെത്തിച്ചത്.

സംഭവത്തെക്കുറിച്ച് ഈസിജെറ്റ് വക്താവ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ചൊവ്വാഴ്ച ഹുർഘദയിൽ നിന്നും ലൂട്ടണിലേക്ക് പുറപ്പെട്ട EZY2618 വിമാനം, യാത്രക്കാരുടെ ലഗേജിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റോം ഫിയുമിസിനോയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ക്യാപ്റ്റൻ എടുത്ത മുൻകരുതൽ നടപടിയായിരുന്നു ഇത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.”

യാത്രാവേളയിൽ പവർ ബാങ്കുകൾ കപ്പലിലോ വിമാനത്തിലോ അടച്ചിട്ട ലഗേജുകളിൽ വെക്കുന്നത് കടുത്ത ചൂട് ഉൽപ്പാദിപ്പിക്കാനും അത് വലിയ തീപിടുത്തത്തിലേക്ക് (Thermal Runaway) നയിക്കാനും കാരണമാകും. അതുകൊണ്ടാണ് അന്താരാഷ്ട്ര നിയമപ്രകാരം പവർ ബാങ്കുകൾ ഹാൻഡ് ലഗേജായി മാത്രം കൈവശം വെക്കാൻ അനുവാദമുള്ളത്

An EasyJet flight (EZY2618) from Hurghada to London Luton was forced to make an emergency landing in Rome after a passenger left a phone charging via a power bank inside checked luggage. The strict prohibition against power banks in check-in bags was violated, causing smoke to trigger alarms inside the aircraft mid-air. Italian security authorities intervened immediately upon landing at Fiumicino Airport to avert a potential disaster and investigate the major security breach..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News