ആശയങ്ങളെ പോസിറ്റീവായി തന്നെ എടുക്കണം; യുവജനങ്ങളുടെ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം; സിജെപി യെ പിന്തുണച്ച് കെ സി വേണുഗോപാൽ

ആശയങ്ങളെ പോസിറ്റീവായി തന്നെ എടുക്കണം; യുവജനങ്ങളുടെ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം; സിജെപി യെ പിന്തുണച്ച് കെ സി വേണുഗോപാൽ

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മൂവ്മെന്റിനെതിരായ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികളെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും അതീവ രൂക്ഷമായി തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ രാജ്യത്തെ ചെറുപ്പക്കാരെ തെരുവിലെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് യഥാർത്ഥ ഉത്തരവാദി ആരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ചോദ്യമുയർത്തി.

കേന്ദ്ര സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ള ശക്തമായ യുവജനരോഷമാണ് ഇപ്പോൾ രാജ്യത്ത് പ്രകടമാകുന്നത്. സർക്കാരിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കാൻ ഭരണകൂടം തയ്യാറാകണം. ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടത്. അതിന് മുതിരാതെ സി.ജെ.പി മൂവ്മെന്റിനെ കേവലം ശക്തി ഉപയോഗിച്ച് അടിച്ചമർത്താനല്ല കേന്ദ്രം നോക്കേണ്ടതെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് പ്രതിദിനം കുതിച്ചുയരുകയാണ്. വരാനിരിക്കുന്ന കാലം സാധാരണക്കാർക്ക് അതീവ ദുഷ്കരമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധികളെ നേരിടാൻ ഒരുതരത്തിലുള്ള തയ്യാറെടുപ്പുമില്ലാതെ ആഘോഷങ്ങളിലും തിമിർപ്പിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കളയുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രധാനമന്ത്രി മുൻകൈ എടുക്കേണ്ടത്, അല്ലാതെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ തകർക്കാനല്ല അദ്ദേഹം ശ്രമിക്കേണ്ടതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഇന്ധന വിലവർധനവ് പരിഹരിക്കുന്നതിനായി പ്രതിപക്ഷവുമായി ഒന്നിരുന്ന് ചിന്തിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ജനങ്ങൾ ദുരിതത്തിലാകുമ്പോഴും ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. ഇതുകൊണ്ട് രാജ്യത്തിന് ഒരു ഫലവുമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അഭിസംബോധന ചെയ്യാൻ നിലവിൽ രാജ്യത്ത് ഒരു സർക്കാർ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ചെറുപ്പക്കാരുടെ ജീവൽപ്രശ്നങ്ങൾ കൃത്യമായി മാനിച്ചിരുന്നുവെങ്കിൽ ഇന്ന് രാജ്യം നേരിടുന്ന ഈ വലിയ പ്രതിസന്ധികൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News