പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് എഡിജിപി ഇത് പറഞ്ഞത്. പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോർഡിൻറെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്നാൽ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എഡിജിപി പിന്നീട് രംഗത്ത് വന്നു. യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
ശബരിമലയിൽ ഇന്ന് തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ആണ് കടത്തി വിടുന്നത്. ഇന്ന് 82364 പേരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതുവരെ 38000ലധികം തീർത്ഥാടകർ ദർശനം നടത്തി എന്നാണ് ദേവസ്വം ബോർഡ് കണക്ക്. മഴ മാറി നിൽക്കുന്നത് അനുകൂല അന്തരീക്ഷമാണ്.