ശബരിമല: ഇടവേള സമയത്ത് ക്രിക്കറ്റ് കളിച്ച് ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍ രജികുമാര്‍ പോറ്റിയും. ഇരുവരും സന്നിധാനത്തു ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.
ഇത്രയും പവിത്രമായ ഒരിടത്ത് വലിയ ചുമതല വഹിക്കുന്ന രണ്ടു പേര്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത് ശരിയല്ല എന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതില്‍ ഒരു തെറ്റുമില്ലെന്ന അഭിപ്രായക്കാരുമുണ്ട്. സാധാരണ ഇടവേള സമയങ്ങളില്‍ നടക്കാന്‍ പോകുക ഉള്‍പ്പെടെയുള്ള വിനോദങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടാറുള്ളത്.
മാളികപ്പുറം മേല്‍ശാന്തി ബാറ്റ് ചെയ്യുമ്പോള്‍ ശബരിമല മേല്‍ശാന്തി ബോള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം. കണ്ടു നിന്ന ഏതോ ഒരു കുട്ടിയാണ് വീഡിയോ പിടിച്ചതെന്നാണ് വിവരം. ഇടതുകൈയ്ക്കാണ് ശബരിമല മേല്‍ശാന്തി പന്തെറിയുന്നത്. പന്തെറിയുന്നതിന് മുമ്പ് ക്രിക്കറ്റ് കളിക്കാര്‍ ചെയ്യുന്നതു പോലെ മുണ്ടില്‍ ബോള്‍ തൂക്കുന്നതും വീഡിയോയില്‍ കാണാം. ഇതു കണ്ട് വീഡിയോ പിടിക്കുന്ന കുട്ടി ചിരിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
എന്തൊക്കെയായാലും വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ പരസ്യപ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നിരുന്നാലും സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് തികഞ്ഞ അതൃപ്തിയുണ്ടെന്നാണ് വിവരം.