27.9 C
Kottayam
Thursday, May 2, 2024

ഈ വിധി പ്രതീക്ഷിച്ചില്ല’; എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിൽ എസ് രാജേന്ദ്രൻ

Must read

ദേവികുളം: എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ല. ജാതി സംബന്ധിച്ച് സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർത്ഥിത്വം നൽകുമായിരുന്നുവെന്ന് കരുതുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

എ രാജയെ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎമ്മിൽ നിന്ന് എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും എസ് രാജേന്ദ്രനെ തിരിച്ചെടുക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് അനുകൂല നിലപാടില്ല.

മൂന്ന് തവണയാണ് എസ് രാജേന്ദ്രൻ ദേവികുളത്ത് നിന്ന് എംഎൽഎ ആയത്. എ രാജയ്ക്കായി പ്രചരണത്തിന് ഇറങ്ങിയില്ലെന്നും ചരടുവലി നടത്തി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരെയുളള ആരോപണം.

ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോ​ഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.

രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ദേവികുളത്ത് ഇതോടെ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week