ചെന്നൈ: തെന്നിന്ത്യന്ത്യയ്ക്ക് ഓര്‍ക്കാന്‍ ഒരു കുമ്പിള്‍ നിറയെ ഗാനങ്ങള്‍ സമ്മാനിച്ചാണ് പ്രിയപ്പെട്ട എസ്.പി.ബി യാത്രയായത്. ശങ്കരാഭരണത്തിലെ ശങ്കരാ.. എന്ന ഗാനം തെന്നിന്ത്യ മുഴുവന്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റാണ്. ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പത്മശ്രീ, പത്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്രാപ്രദേശിലെ നെല്ലോരില്‍ ജനിച്ചു. ഗായിക എസ് പി ശൈലജയെ കൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്. ചെറുപ്പം മുതല്‍ക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ്.പി.ബി സ്‌കൂള്‍ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിങ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ.എന്‍.ടി.യു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പഠനത്തിനിടയിലും സംഗീതപഠനം തുടര്‍ന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എം ജി ആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.
1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണവും’ ചിത്രത്തിലെ ‘ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.
ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥന്‍, ഉപേന്ദ്രകുമാര്‍, ഇളയരാജ, കെ വി മഹാദേവന്‍, തുടങ്ങിയ മുന്‍കാല സംഗീതസംവിധായകര്‍ മുതല്‍ വിദ്യാസാഗര്‍, എം എം കീരവാണി, എ ആര്‍ റഹ്മാന്‍, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച ‘കേളടി കണ്‍മണി’ എന്ന ചിത്രത്തിലെ ‘മണ്ണില്‍ ഇന്ത കാതല്‍’ തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത്, കമല്‍ഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങി നിരവധി നായകന്മാര്‍ക്ക് ശബ്ദമേകിയിരുന്നു.
ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.