കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർകോട് സ്വദേശിയായ അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി ജീവനക്കാരനുമുണ്ട്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ ജോയൻ-സാലി ദമ്പതികളുടെ മകനാണ് അഖിൽ ജോയൻ.
ധാന്യം കയറ്റി പോകുകയായിരുന്ന 'ഗോൾഡൻ ലിയോ' എന്ന വിദേശ ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണ്.
കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ട കപ്പലിന് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. തുർക്കി ഉടമസ്ഥതയിലുള്ളതും ഗിനിയ-ബിസാവു പതാക ഘടിപ്പിച്ചതുമായ കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് കപ്പൽ നിയന്ത്രിച്ചിരുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായ തീ അണച്ചശേഷമാണ് നാവകസേനയും രക്ഷാപ്രവർത്തകരും ചേർന്ന് ജീവനക്കാരെ പുറത്തെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്നും സാധാരണക്കാരായ നാവികർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


