പോക്കറ്റിലെ പേഴ്‌സ് അലുമിനിയം ഫോയിലിൽ പൊതിയുന്ന ട്രെൻഡ്; വെറുമൊരു അനാവശ്യ ഭയമോ അതോ പിന്നിൽ വലിയൊരു സാങ്കേതിക സത്യമുണ്ടോ?

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സമീപകാലത്തായി ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പേഴ്‌സുകള്‍ അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിയുന്ന കാഴ്ച. ആദ്യ കാഴ്ചയില്‍ ഇതൊരു തമാശയോ അല്ലെങ്കില്‍ അനാവശ്യമായ ഭയമോ ആയി തോന്നാമെങ്കിലും, നിലവിലെ സാങ്കേതിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതിന് പിന്നിലെ ഗൗരവം വ്യക്തമാകും. സാധാരണ ഉപയോഗിക്കുന്ന സാമ്പത്തിക കാര്‍ഡുകള്‍ക്ക് പുറമേ, വയര്‍ലെസ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയായ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇന്ന് ആളുകള്‍ പേഴ്‌സുകളില്‍ സൂക്ഷിക്കുന്നത്.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ , നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ ചിപ്പുകളാണ് ഇന്നത്തെ സ്മാര്‍ട്ട് കാര്‍ഡുകളില്‍ ഉപയോഗിക്കുന്നത്. ഓഫീസുകളിലെ അറ്റന്‍ഡന്‍സ് ബാഡ്ജുകള്‍, മെട്രോ തടങ്ങിയ പൊതുഗതാഗത പാസുകള്‍, വിവിധയിനം തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയിലെല്ലാം ഇത്തരം ചിപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇവ വളരെ ദൂരത്തുനിന്നുപോലും സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നതാണ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി.

അമേരിക്കയിലെ സിവില്‍ ലിബര്‍ട്ടി ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നതനുസരിച്ച്, ചില പ്രത്യേക എന്‍ഹാന്‍സ്ഡ് ഡ്രൈവിങ് ലൈസന്‍സുകളിലെ ചിപ്പ് വിവരങ്ങള്‍ ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ അത്രയും ദൂരത്തുനിന്ന് സാധാരണ റീഡറുകള്‍ ഉപയോഗിച്ച് വായിച്ചെടുക്കാന്‍ സാധിക്കും. വെറും 250 ഡോളര്‍ മാത്രം വിലവരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് നഗരത്തിലൂടെ സഞ്ചരിക്കുന്ന ആളുകളുടെ കാര്‍ഡ് വിവരങ്ങള്‍ അവരുടെ അറിവില്ലാതെ തന്നെ ചോര്‍ത്താമെന്ന് സുരക്ഷാ ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള വിവരച്ചോര്‍ച്ച ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം നഷ്ടപ്പെടാന്‍ ഉടനടി കാരണമാകണമെന്നില്ല. എന്നാല്‍ കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്ന മാറ്റമില്ലാത്ത തിരിച്ചറിയല്‍ നമ്പറുകള്‍ ചോര്‍ത്തുന്നതിലൂടെ ഒരു വ്യക്തി എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന് നിരീക്ഷിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു. ഇത് ഡിജിറ്റല്‍ സുരക്ഷയ്ക്ക് വലിയൊരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്.

ഈ ഘട്ടത്തിലാണ് അലുമിനിയം ഫോയിലിന്റെ ഭൗതികശാസ്ത്രപരമായ പ്രസക്തി വരുന്നത്. വൈദ്യുതി കടത്തിവിടുന്ന ലോഹമായതുകൊണ്ടുതന്നെ, റേഡിയോ തരംഗങ്ങളെ തടയാനോ ചിതറിക്കാനോ അലുമിനിയത്തിന് സാധിക്കും. സയന്‍സിലെ ‘ഫാരഡെ കേജ്’ എന്ന തത്വത്തിന് സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ സിഗ്നലുകളെ പുറത്തേക്ക് വിടാതെയും ബാഹ്യ സിഗ്നലുകള്‍ ഉള്ളിലേക്ക് കടക്കാതെയും തടയാന്‍ ലോഹ സംരക്ഷണം സഹായിക്കുന്നു. എന്നിരുന്നാലും അലുമിനിയം ഫോയില്‍ പൂര്‍ണ്ണമായും ഒരു പെര്‍ഫെക്റ്റ് സുരക്ഷാ മാര്‍ഗ്ഗമല്ല.

വളരെ എളുപ്പത്തില്‍ കീറിപ്പോകാനും ഇതില്‍ ചെറുദ്വാരങ്ങള്‍ വീഴാനും സാധ്യതയുള്ളതിനാല്‍ ഒറ്റ പാളി ഫോയില്‍ കൊണ്ട് മാത്രം സുരക്ഷ ഉറപ്പാക്കാനാവില്ല. പേഴ്‌സ് പൂര്‍ണ്ണമായും ഒന്നിലധികം പാളികളില്‍ കട്ടിയില്‍ പൊതിയുകയാണെങ്കില്‍ മാത്രമേ റേഡിയോ സിഗ്നലുകളെ തടയാന്‍ ഒരു പരിധിവരെയെങ്കിലും സാധിക്കൂ. ഫോയിലിന്റെ കട്ടി, ഉപയോഗിക്കുന്ന കാര്‍ഡിന്റെ ഫ്രീക്വന്‍സി എന്നിവ അനുസരിച്ച് ഇതിന്റെ ഫലപ്രാപ്തിയില്‍ വ്യത്യാസം വരാം. അതുകൊണ്ടുതന്നെ ഫോയില്‍ ഉപയോഗിച്ചുള്ള താല്‍ക്കാലിക പ്രതിരോധത്തിന് പകരം, ആധുനിക രീതിയിലുള്ള ബ്ലോക്കിങ്’ വാലറ്റുകളോ പ്രത്യേക കവറുകളോ ഉപയോഗിക്കാനാണ് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ഇവ കൂടുതല്‍ ഈടുനില്‍ക്കുന്നതും പൂര്‍ണ്ണ സുരക്ഷ നല്‍കുന്നതുമാണ്. ചില വിദേശ രാജ്യങ്ങളില്‍ യാത്രാ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ലൈസന്‍സുകള്‍ ദൂരത്തുനിന്നുതന്നെ ബോര്‍ഡര്‍ പരിശോധനകള്‍ക്കായി വായിക്കാന്‍ സാധിക്കുന്നവയാണ്. ഇത്തരം കാര്‍ഡുകളിലെ വിവരങ്ങള്‍ അവ നല്‍കുന്ന പ്രത്യേക കവറുകളില്‍ ഇരിക്കുമ്പോള്‍ പോലും രണ്ട് അടി ദൂരത്തില്‍ നിന്ന് വരെ ചോര്‍ത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക ഇരട്ടിയാക്കുന്നു.

അതുപോലെതന്നെ അന്താരാഷ്ട്ര യാത്രാ കാര്‍ഡുകളും പാസ്‌പോര്‍ട്ട് കാര്‍ഡുകളും ഏകദേശം 25 അടി ദൂരം വരെ സിഗ്നലുകള്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളവയാണ്. അവയുടെ പ്രത്യേക ബ്ലോക്കിങ് കവര്‍ മാറ്റി സാധാരണ പേഴ്‌സില്‍ സൂക്ഷിച്ചാല്‍, ഒരു മുറിക്കുള്ളില്‍ നില്‍ക്കുന്ന ഏത് സ്‌കാനറിനും അത് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കും. ഓഫിസ് ഐഡി കാര്‍ഡുകള്‍ക്കും ട്രാന്‍സിറ്റ് പാസുകള്‍ക്കും ഇത് ബാധകമാണ്.

A viral trend has emerged on social media platforms showing people wrapping their wallets or individual payment cards in ordinary kitchen aluminum foil. While it initially looks like a joke or an act of paranoia, it highlights growing concerns regarding digital pickpocketing and wireless tracking in a heavily digital age.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News