ദുബായ്/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് പ്രത്യക്ഷ പിന്തുണയുമായി റഷ്യയും രംഗത്തിറങ്ങിയതോടെ മേഖല ആഗോള യുദ്ധഭീതിയിലായി. ചരിത്രത്തിലാദ്യമായി ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്ക കരയിലും കടലിലും ഒരേസമയം സൂയിസൈഡ് ഡ്രോണുകള്‍ പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം പുതിയ തലത്തിലെത്തിയത്. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍ പ്രത്യാക്രമണം അഴിച്ചുവിട്ടു. പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി റഷ്യ തങ്ങളുടെ അത്യാധുനിക ‘ഡൂംസ്ഡേ’ വിമാനം ടെഹ്റാനിലേക്ക് അയച്ചത് ആഗോള ഭൗമരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഇതുവരെ ഇറാന് പരോക്ഷ പിന്തുണ മാത്രം നല്‍കിയിരുന്ന റഷ്യയുടെ ഈ പുതിയ നീക്കം യുദ്ധത്തിലെ നേരിട്ടുള്ള ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ സര്‍ക്കാരിന്റെ പറക്കുന്ന കമാന്‍ഡ് പോസ്റ്റ് എന്നറിയപ്പെടുന്ന ടുപോളേവ് ടി.യു-214പി.യു (Tupolev Tu-214PU) വിമാനമാണ് ടെഹ്റാനില്‍ എത്തിയിരിക്കുന്നത്. ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ശത്രുക്കളുടെ ഭീഷണികളെ മറികടന്ന്, ആകാശത്തിരുന്നുകൊണ്ട് സൈന്യത്തെയും രാജ്യത്തെയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങളും ഈ വിമാനത്തിലുണ്ട്. റഷ്യന്‍ പ്രസിഡന്റിന്റെ സ്‌പെഷ്യല്‍ ഫ്‌ലൈറ്റ് സ്‌ക്വാഡ്രണ്‍ നിയന്ത്രിക്കുന്ന ഈ വിമാനം ഇറാനിലെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സൈനിക-സാങ്കേതിക സഹകരണത്തിന്റെയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കലിന്റെയും ഭാഗമായാണ്. യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക നല്‍കുന്ന പിന്തുണയ്ക്കുള്ള റഷ്യയുടെ മറുപടിയായും ഇത് വിലയിരുത്തപ്പെടുന്നു. ഇറാന്റെ ബുഷഹര്‍ ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി സൈനിക നീക്കങ്ങള്‍ നിര്‍ത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നിശ്ചയിച്ചിരുന്ന ഒരു മാസത്തെ സമയ പരിധിക്ക് പോലും യുഎസ് ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.
ഇതുവരെ ഇറാന് മേല്‍ക്കൈയുണ്ടായിരുന്ന ചെലവ് കുറഞ്ഞ സൂയിസൈഡ് ഡ്രോണ്‍ സാങ്കേതികവിദ്യ ഇത്തവണ അമേരിക്കയും വലിയ തോതില്‍ പ്രയോഗിച്ചു. പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും പുറമെ കരയിലും കടലിലും സൂയിസൈഡ് ഡ്രോണുകള്‍ വിന്യസിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. ഇറാന്റെ ഖേഷം, സിരിക്, ജസക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലെ മിസൈല്‍-റഡാര്‍ കേന്ദ്രങ്ങളും സ്പീഡ് ബോട്ടുകളും യുഎസ് തകര്‍ത്തു. ഇതിന് പകരമായി കുവൈറ്റിലെ അമേരിക്കയുടെ HIMARS മിസൈല്‍ താവളം തങ്ങള്‍ സമ്പൂര്‍ണ്ണമായി തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. കൂടാതെ, ജോര്‍ദാനിലെ യുഎസ് ആയുധ ഡിപ്പോയും ഇന്ധന സംഭരണികളും, ബഹ്റൈനിലെ ഡ്രോണ്‍ കമാന്‍ഡ് സെന്ററും ഹെലികോപ്റ്റര്‍ പരിപാലന കേന്ദ്രവും ഇറാന്‍ ആക്രമിച്ചു. ബന്ദര്‍ അബ്ബാസില്‍ വെച്ച് അമേരിക്കയുടെ അത്യാധുനിക ലുകസ് ഡ്രോണ്‍ തകര്‍ത്തതായും ഒമാനുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള അമേരിക്കന്‍ നീക്കം തടഞ്ഞതായും ഇറാന്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള പോര്‍വിളികളും ഭരണാധികാരികള്‍ക്ക് നേരെയുള്ള വധഭീഷണികളും ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ വധശ്രമമുണ്ടായാല്‍ ഇറാനിലേക്ക് അയക്കാന്‍ ആയിരം മിസൈലുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനും കടുത്ത നിലപാടുമായി രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവിന് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതി ശക്തമായ തിരിച്ചടി നല്‍കാനുള്ള പ്രത്യേക പ്രതിരോധ സംവിധാനം മുന്‍കൂട്ടി ഒരുക്കണമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിനോട് വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, ഇറാനെതിരെയുള്ള നിലപാടുകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട്, അന്തരിച്ച യുഎസ് സെനറ്റര്‍ ലിന്‍സി ഗ്രാമിന്റെ മരണത്തെ ആസ്പദമാക്കി ഇറാനിയന്‍ മാധ്യമങ്ങള്‍ കടുത്ത പരാമര്‍ശങ്ങളാണ് നടത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെങ്കില്‍ അമേരിക്ക തങ്ങളുടെ സൈന്യത്തെ അവിടെനിന്ന് പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും, വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോയാല്‍ ലോകത്തെ എണ്ണ-ഗ്യാസ് മേഖലകളില്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ഇറാന്‍ സൈന്യം കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യയുടെ അതീവ സുരക്ഷിതമായ വാര്‍ത്താവിനിമയ സംവിധാനങ്ങളും കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള വിമാനമാണ് ടുപോളേവ് ടി.യു-214പി.യു (Tupolev Tu-214PU). സാധാരണ യാത്രാവിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, യുദ്ധം പോലുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളിലും തടസ്സമില്ലാത്ത രീതിയില്‍ സൈനിക സംവിധാനങ്ങളുമായുള്ള കമാന്‍ഡ് ഉറപ്പാക്കാന്‍ ഇതിന് സാധിക്കും. ഒരു സാധാരണ യാത്രാവിമാനമായ Tu-214 നെ അടിമുടി പരിഷ്‌കരിച്ച് ഒരു ‘പറക്കുന്ന കമാന്‍ഡ് സെന്റര്‍’ (Airborne Command Post) ആക്കി മാറ്റിയിരിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്.
എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡാറ്റാ ലിങ്കുകളുമാണ് ടുപോളോവിന്റെ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികള്‍ക്കിടയിലും ഭരണാധികാരികള്‍ക്കും സൈനിക മേധാവികള്‍ക്കും യുദ്ധതന്ത്രങ്ങള്‍ ഏകോപിപ്പിക്കാന്‍ ഈ വിമാനം സഹായിക്കും.
ഇതിലെ ‘PU’ എന്ന ചുരുക്കപ്പേര് റഷ്യന്‍ ഭാഷയിലെ ‘Punkt Upravleniya’ (കണ്‍ട്രോള്‍ പോയിന്റ് അല്ലെങ്കില്‍ കമാന്‍ഡ് പോസ്റ്റ്) എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഒരു അടിയന്തിര സാഹചര്യമോ യുദ്ധമോ ഉണ്ടായാല്‍ റഷ്യന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്ക് ആകാശത്തിരുന്നുകൊണ്ടുതന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാന്‍ ഈ വിമാനം സഹായിക്കും. അതിനാലാണ് പലപ്പോഴും ഇതിനെ റഷ്യയുടെ ‘ഡൂംസ്‌ഡേ വിമാനം’ (Doomsday Plane) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളില്‍പോലും ആകാശത്തുനിന്ന് സൈന്യത്തിന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ വിമാനത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധിക്കും.
റഷ്യന്‍ പ്രസിഡന്റിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രകള്‍ നിയന്ത്രിക്കുന്ന ‘റോസിയ സ്‌പെഷ്യല്‍ ഫ്‌ലൈറ്റ് സ്‌ക്വാഡ്രണ്‍’ (Rossiya Special Flight Squadron) ആണ് ഈ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. രണ്ട് PS-90A ടര്‍ബോഫാന്‍ എന്‍ജിനുകളുള്ള ഈ വിമാനത്തിന് ഏകദേശം 6,500 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാന്‍ സാധിക്കും. മണിക്കൂറില്‍ 850 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗത.
തുടര്‍ച്ചയായ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കും സൈനിക മേധാവികളുടെ സുരക്ഷിത യാത്രകള്‍ക്കും തന്ത്രപ്രധാനമായ നയതന്ത്ര ദൗത്യങ്ങള്‍ക്കുമായി വിരലിലെണ്ണക്കാവുന്ന Tu-214PU വിമാനങ്ങള്‍ മാത്രമാണ് റഷ്യ നിര്‍മ്മിച്ചിട്ടുള്ളത്. അത്രയും നിര്‍ണായകമായ വിമാനമാണ് ഇപ്പോള്‍ റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്.
English SummaryAmid escalating tensions in the Middle East, Russia issued a stern warning to the United States against targeting Iranian nuclear facilities, stating that any such attack would carry catastrophic consequences. In a highly strategic move that analysts view as direct Russian intervention in the conflict, President Vladimir Putin’s specialized ‘Flying Command Post’—an airborne Doomsday plane capable of controlling military operations during a nuclear war—has landed in Tehran. The arrival of the Russian military aircraft aims to coordinate defense strategies and boost Iran’s radar capabilities against potential US air strikes.


