തിരുവനന്തപുരം: തമിഴ്നാടിന്റെ പണിയേറ്റത് കേരളത്തിന്. അതും ആരും പ്രതീക്ഷിക്കാത്ത സമയത്ത്. ഇനി കേരളത്തില്‍ വികസനവും വീടുപണിയും നടക്കണമെങ്കില്‍ വഴി വേറെ നോക്കേണ്ടി വരും. കടന്നുപോകാന്‍ വണ്ടികള്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിരന്നു കിടക്കുന്ന കാഴ്ചകളാകും ഇനി കാണാന്‍ പോകുന്നത്. കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും ഇനി ചുളുവില്‍ അതിര്‍ത്തി കടത്തിക്കൊണ്ടു വരാമെന്ന് ആരും കരുതേണ്ട. സംഗതി വെറുതെയല്ല, അയല്‍ സംസ്ഥാനങ്ങളിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കടത്തുന്നത് തടയാന്‍ തമിഴ്നാട് സര്‍ക്കാര്‍ അസാധാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
തങ്ങളുടെ സംസ്ഥാനത്ത് നിര്‍മ്മാണ സാമഗ്രികളുടെ വലിയ ക്ഷാമമുണ്ടെന്നാണ് വിജയ് സര്‍ക്കാര്‍ പറയുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്ക് തികയാതെ വരുമ്പോള്‍ എന്തിനാണ് വെറുതെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് വച്ച് നീട്ടുന്നത് എന്ന ചോദ്യമാണ് തമിഴ്നാട് ഉയര്‍ത്തുന്നത്. ഇതിനായി പ്ലാന്‍ കൃത്യമായി തയ്യാറാക്കിക്കഴിഞ്ഞു. ജിയോളജി ഡയറക്ടര്‍ക്ക് ഇതിനായി പൂര്‍ണ്ണ അധികാരമാണ് നല്‍കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കിക്കഴിഞ്ഞു. ഇനി മുതല്‍ ജിയോളജി ഡയറക്ടറുടെ പ്രത്യേക അനുമതിയില്ലാതെ ഒരു തരി കല്ല് പോലും തമിഴ്നാട് അതിര്‍ത്തി കടക്കില്ല.
തമിഴ്നാട്ടില്‍ അനധികൃത ഖനനം തകൃതിയായി നടക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും ഇതിനു പിന്നിലുണ്ട്. മാഫിയ സംഘങ്ങള്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് തടയാനും കൂടിയാണ് ഈ നീക്കം. തമിഴ്നാടിന്റെ സ്വന്തം ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിയ ശേഷം മാത്രമേ എന്തെങ്കിലും പുറത്തേക്ക് കൊടുക്കൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
എന്നാല്‍ ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ തിരിച്ചടി കിട്ടാന്‍ പോകുന്നത് കേരളത്തിനാണ്. കേരളത്തിലെ സ്വന്തം ക്വാറികളില്‍ ഭൂരിഭാഗവും പൂട്ടിപ്പോവുകയോ പ്രതിസന്ധിയിലാവുകയോ ചെയ്തതോടെയാണ് നമ്മള്‍ തമിഴ്നാടിനെ പൂര്‍ണ്ണമായും ആശ്രയിച്ചു തുടങ്ങിയത്. കേരളത്തിലെ വന്‍കിട റോഡ് വികസനങ്ങളും വലിയ കെട്ടിട നിര്‍മ്മാണങ്ങളും സാധാരണക്കാരന്റെ വീടുപണിയും വരെ തമിഴ്നാട്ടില്‍ നിന്നുവരുന്ന ഈ ലോറികളെ മാത്രം വിശ്വസിച്ചാണ് നടക്കുന്നത്.
തമിഴ്നാടിന്റെ പുതിയ വെട്ടുവീഴ്ചയില്ലാത്ത ഈ തീരുമാനം നടപ്പിലാകുന്നതോടെ കേരളത്തിലേക്ക് വന്നിരുന്ന സാധനങ്ങളുടെ വരവ് പൂര്‍ണ്ണമായും നില്‍ക്കും. ഇതോടെ സാധനങ്ങള്‍ക്ക് വിപണിയില്‍ തീവിലയാകും. അതോടെ കരാറുകാരും സാധാരണക്കാരും ഒരുപോലെ വഴിയാധാരമാകുന്ന അവസ്ഥ വരും. കേരളത്തിലെ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും സ്തംഭിക്കുമെന്നും അനേകം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ഐഎന്‍ടിയുസി നേതാവ് ഷഹ്നാസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നുവരുന്നത്.
English SummaryIn an unusual notification, the Tamil Nadu government has implemented strict restrictions on the export of construction materials to Kerala, effectively sealing its borders for transport vehicles. This unexpected move is expected to hit Kerala’s construction sector and infrastructure development projects severely, leaving many residential and commercial buildings incomplete. Since Kerala heavily relies on Tamil Nadu for materials like granite, M-sand, and laterite stones, the sudden blockade has left hundreds of trucks stranded at border checkposts. The shortage is predicted to trigger a massive price hike in building materials, prompting construction associations to urge immediate government intervention between both states.


