പപ്പടം അടി ഇനി മറക്കാം; കൊല്ലത്ത് വിവാഹ വീട്ടില്‍ ഐസ്‌ക്രീം തല്ല്! ബോക്സ് ബലമായി തുറന്ന് കഴിച്ചതിനെച്ചൊല്ലി കൂട്ടത്തല്ല്

കൊല്ലം: കല്യാണവീടുകളിലെ തല്ലുമാല കഥകള്‍ കേരളത്തില്‍ പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ ഐസ്‌ക്രീമിന്റെ പേരില്‍ പന്തല്‍ ചോരക്കളമാകുന്ന കാഴ്ചയ്ക്കാണ് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്. കേട്ടാല്‍ ചിരി വരുമെങ്കിലും സംഗതി ഒടുവില്‍ കയ്യാങ്കളിയിലും പോലീസ് കേസിലുമാണ് കലാശിച്ചത്. സംഭവത്തിന്റെ തുടക്കം രാവിലെ നടന്ന വിവാഹച്ചടങ്ങുകളില്‍ നിന്നാണ്. ഇരവിപുരം സ്വദേശിയായ ചെറുക്കനും ചുറ്റുമല സ്വദേശിനിയായ പെണ്ണും തമ്മിലായിരുന്നു വിവാഹം.

വിവാഹസമയത്ത് പെണ്‍വീട്ടുകാരില്‍ ചിലര്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്ന് മനസ്സ് മടുത്ത വരന്‍ ഭക്ഷണം പോലും കഴിക്കാതെ പന്തലില്‍ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. സംഭവം വഷളാകുമെന്ന് കണ്ടതോടെ മുതിര്‍ന്നവര്‍ ഇടപെട്ട് ഇരുകൂട്ടരെയും സംസാരിച്ച് തണുപ്പിച്ചു, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. വൈകുന്നേരത്തോടെ വരന്റെ വീട്ടുകാരുടെ വക സല്‍ക്കാരം കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയായിരുന്നു. അവിടെ വച്ചാണ് കഥ മാറി മറിഞ്ഞത്.

പെണ്‍ വീട്ടുകാരുടെ ഭാഗത്തുനിന്നും ചുറ്റുമലയില്‍ നിന്നെത്തിയ കുറച്ചുപേര്‍ സല്‍ക്കാരത്തിനിടെ ഐസ്‌ക്രീം ആവശ്യപ്പെട്ടു. എന്നാല്‍ ചോദിച്ച സമയത്ത് ഐസ്‌ക്രീം തീര്‍ന്നുപോയെന്ന് കേറ്ററിംഗ് ജീവനക്കാര്‍ മറുപടി നല്‍കി. തങ്ങള്‍ക്ക് ഐസ്‌ക്രീം തരാതിരിക്കാന്‍ കേറ്ററിങ്ങുകാര്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് പെണ്‍വീട്ടുകാര്‍ തനിയെ പോയി ഐസ്‌ക്രീം ബോക്‌സ് ബലമായി തുറന്ന് ഐസ്‌ക്രീം എടുക്കാന്‍ തുടങ്ങി.

ബലമായി ഐസ്‌ക്രീം എടുത്തതിനെച്ചൊല്ലി കേറ്ററിംഗ് ജീവനക്കാരുമായും ചെറുക്കന്റെ വീട്ടുകാരുമായും വാക്കുതര്‍ക്കമായി. രാവിലത്തെ കടുപ്പവും കൂടി ഉള്ളിലുണ്ടായിരുന്നതിനാല്‍ തര്‍ക്കം നിമിഷനേരം കൊണ്ട് വലിയ കയ്യാങ്കളിയായി മാറി. സല്‍ക്കാരത്തിനെത്തിയ നാട്ടുകാരും കൂടി ഇടപെട്ടതോടെ ഓഡിറ്റോറിയം പോര്‍ക്കളമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് സംഘം ഇരുകൂട്ടരെയും അനുനയിപ്പിച്ച് രംഗം തണുപ്പിച്ചു.

തല്ലുണ്ടാക്കാന്‍ മുന്നില്‍ നിന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏതായാലും ഒരു ഐസ്‌ക്രീമിന്റെ പേരില്‍ കല്യാണ ഓഡിറ്റോറിയം അടിപിടി കേന്ദ്രമായതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

English SummaryA bizarre incident of mass brawling unfolded at a wedding hall in Kollam after a dispute over ice cream led to a violent clash. The altercation began when a group of guests from the bride’s side, hailing from Chuttumala, demanded ice cream during the reception, but the catering staff informed them that stocks were exhausted. Believing the staff were lying, the guests forcefully opened the ice cream storage boxes themselves and started consuming it. When the catering staff objected, the mob physically assaulted them using chairs and tables, turning the wedding venue into a battlefield. The local police rushed to the spot, registered a case against 20 people based on CCTV footage, and shifted two injured catering staff to the hospital.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News