InternationalNews

യുദ്ധം തുടരുന്നു,മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും, ഇമ്പനവും ഭക്ഷ്യ എണ്ണയും സംഭരിച്ച് ഇന്ത്യക്കാർ

യുക്രെയ്ൻ: പതിമൂന്നാം ദിവസവും റഷ്യ(russia) യുക്രെയ്ന്(ukraine) മേലുള്ള യുദ്ധം തുടരുകയാണ്. ആക്രമണത്തിൽ ഒരിഞ്ച് വീഴ്ചക്ക് റഷ്യ തയാറായിട്ടില്ല. അതേസമയം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച(peace talk) ഇനിയും തുടരും. മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും.

അതേസമയം ഓപറേഷൻ ഗംഗയിലൂടെ 600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും. മൂന്ന് വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. ഇതുവരെ 83 വിമാന സർവ്വീസുകളിലൂടെ 17,100 പേരെ തിരികെയെത്തിച്ചു. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. യുക്രൈനിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ ആർആർ ആശുപത്രിയിലേക്ക് ഹർജോതിനെ മാറ്റി. ആക്രമണം രൂക്ഷമായ സുമിയിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഒരുക്കങ്ങൾ തുടങ്ങി

ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ‘വ്യാജ’ വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റ‌റിന് നിയന്ത്രണങ്ങളും. എന്നാൽ റഷ്യയിലെ എറ്റവും ജനപ്രിയമായ സമൂഹ മാധ്യമം ഇത് രണ്ടുമല്ല, അത് വി കോണ്ടാക്ട് ആണ്.

വി കോണ്ടാക്ട്, റഷ്യയിൽ എറ്റവും കൂടുതൽ പേരുപയോഗിക്കുന്ന സമൂഹമാധ്യമം, 2021ലെ കണക്കനുസരിച്ച് നാൽപ്പത് കോടി ഉപയോക്താക്കൾ. സ്ഥാപകരെ നമ്മളറിയും പാവെൽ ദുറോവും നികൊളൈ ദുറോവും , ടെലിഗ്രാമാം സ്ഥാപകരായ അതേ ദുറോവ് സഹോദരന്മാർ തന്നെ. പക്ഷേ ഇന്നിപ്പോൾ അവർ രണ്ടു പേരും വി കൊണ്ടാക്ടിന്‍റെ ഭാഗമല്ല. റഷ്യൻ പൗരൻ പോലുമല്ല പാവെൽ ദുറോവിപ്പോൾ.

വി കോണ്ടാക്ട് തുറക്കുന്നത് 2006 ഒക്ടോബറിൽ , പെട്ടന്നായിരുന്നു വളർച്ച, നിക്ഷേപകരുമെത്തി. പക്ഷേ കാലാന്തരത്തിൽ ഭൂരിപക്ഷം ഷെയറുകൾ മെയിൽ.ആർയു എന്ന റഷ്യൻ ഇന്റർനെറ്റ് ഭീമന്‍റെ കയ്യിലായി. 2013 ഓടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്. യുക്രെയ്നിൽ യൂറോമെയ്ഡാൻ പ്രതിഷേധങ്ങൾ തുടങ്ങിയ കാലം. യുക്രെയ്നിലും അന്ന് വി കൊണ്ടാക്ടായിരുന്നു താരം , പ്രതിഷേധക്കാർ ഗ്രൂപ്പുകളുണ്ടാക്കി സംഘടിച്ചത് വി കൊണ്ടാക്ടിലൂടെയായിരുന്നു, അവരുടെ വിവരം റഷ്യൻ ഭരണകൂടം ആവശ്യപ്പെട്ടുവെന്നും അത് നൽകാൻ സിഇഒ ആയിരുന്ന പവെൽ വിസമ്മതിച്ചുവെന്നുമാണ് കഥ,.

2014 ഏപ്രിൽ ഒന്നിന് പവെൽ രാജിവച്ചു. ഏപ്രിൽ മൂന്നിന് അത് വെറും ഏപ്രിൽ ഫൂളാണെന്ന് പവെൽ തന്നെ പറഞ്ഞെങ്കിലും ഏപ്രിൽ 21 ഓടെ പവെലിനെ കന്പനി പുറത്താക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചതാണ് ദുറോവിനെ തെറിപ്പിച്ചതെന്നാണ് പിന്നീട് കേട്ടത്. പുടിന്റെ ആൾക്കാർ വി കൊണ്ടാക്ട് ഹൈജാക്ക് ചെയ്തുവെന്നായിരുന്നു സഹോദരന്മാരുടെ പ്രതികരണം. വിവാദങ്ങൾക്ക് പിന്നാലെ പവെൽ റഷ്യ വിട്ടു, ഇതിനിടയിൽ ‍ടെലിഗ്രാമെന്ന പുതിയ ആപ്പ് ഇവർ തുടങ്ങിയിരുന്നു.

ഇനിയൊരിക്കലും റഷ്യയിലേക്കില്ലെന്ന് പറ‍ഞ്ഞ പവെൽ ഡുറോവ് സെയിന്റ് കിറ്റിസ് ആൻഡ് നെവിസ് എന്ന കൊച്ചു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചു. ടെലിഗ്രാം ആസ്ഥാനം ഇപ്പോൾ ബ്രിട്ടിഷ് വെർജിൻ ദ്വീപാണ്, പ്രവർത്തന കേന്ദ്രം ദുബായും,. അതിനിടയിൽ വി കൊണ്ടാക്ടിനെ യുക്രെയ്ൻ 2017ൽ നിരോധിച്ചു. റഷ്യൻ ആപ്പാണെന്നതായിരുന്നു കുറ്റം,. ക്രമേണ യുക്രെയ്നിൽ ഫേസ്ബുക്ക് പിടിമുറുക്കി.

റഷ്യയിൽ പക്ഷേയിപ്പോഴും വി കൊണ്ടാക്ടെ തന്നെയാണ് താരം. യുദ്ധത്തെയും റഷ്യയെയും ന്യായീകരിക്കുന്ന പോസ്റ്റുകളാണ് അവിടെ കൂടുതലും, പക്ഷേ യുവാക്കൾക്കിടയിൽ ടെലിഗ്രാമിന് നല്ല സ്വാധീനമുണ്ട്. അപ്പുറത്ത് യുക്രെയ്നിൽ ടെലിഗ്രാം വഴിയാണ് വാർത്തകൾ ഒഴുകുന്നത്. രണ്ട് സമൂഹമാധ്യമങ്ങൾ, രണ്ട് നയം, രണ്ടിനും തുടക്കമിട്ടത് ഒരേ ആളുകൾ.

യക്രൈന്‍-റഷ്യ യുദ്ധം (Ukraine-Russia War) മുറുകന്നതിനിടെ ഭക്ഷ്യ എണ്ണയും (Edible Oil) ഇന്ധനവും (Fuel) സ്‌റ്റോക്ക് ചെയ്ത് ഇന്ത്യക്കാര്‍. യുദ്ധം കാരണം ഭക്ഷ്യ എണ്ണയുടെ വില ഉയര്‍ന്നിരുന്നു. ഭാവിയിലെ വിലക്കയറ്റവും ക്ഷാമവും മുന്നില്‍ക്കണ്ടാണ് കൂടുതല്‍ വാങ്ങിക്കൂട്ടുന്നത്.എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ധനവില വര്‍ധനക്ക് കാരണമാകും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യത്താകമാനം ഇന്ധനവിലയില്‍ വരും ദിവസങ്ങളില്‍ വന്‍കുതിപ്പുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യ എണ്ണ വിലയില്‍ 20 ശതമാനത്തിലധികമാണ് വര്‍ധനവാണുണ്ടായത്. ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍  ക്ഷാമം സംബന്ധിച്ച വ്യാജ സന്ദേശങ്ങളുംആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 

സൂര്യകാന്തി എണ്ണ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ 14 ശതമാനമാണ് പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത്. അതേസമയം, പാം, സോയ, റാപ്സീഡ് ഓയില്‍, നിലക്കടല എന്നിവ പോലുള്ള മറ്റ് ഭക്ഷ്യ എണ്ണകളുടെ വിതരണത്തില്‍ പ്രശ്‌നമില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.

ക്രൂഡ് ഓയില്‍വില ബാരലിന് 140 ഡോളര്‍ എത്തിയ സ്ഥിതിക്ക് രാജ്യത്തെ എണ്ണവില ഉയര്‍ന്നേക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് എണ്ണവില നവംബര്‍ 4 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വിലയില്‍ ലിറ്ററിന് 15-20 രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില ഉയരുമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ധന പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button