ഓടിക്കൊണ്ടിരുന്ന മിനി വാനിന് തീപിടിച്ചു; അഞ്ചംഗ കുടുംബ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. അത്താണിക്കല്‍-ചെട്ടിയാര്‍ മാട് റൂട്ടില്‍ രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. വള്ളിക്കുന്ന് സ്വദേശി ചുറ്റാം വീട്ടില്‍ മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നര്‍ വാന്‍ ആണ് കത്തി നശിച്ചത്.

റാഫിയും ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിഷാല്‍, മുഹമ്മദ് റിദാന്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അത്താണിക്കല്‍ നിന്ന് ജംഷീനയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. വാന്‍ ഒലിപ്രം 14 എത്തുന്നതിന് മുന്‍പ് വയര്‍ കരിഞ്ഞ ദുര്‍ഗന്ധം വമിച്ചു.

തുടര്‍ന്ന് വാഹനം ഓടിച്ച റാഫി പുറത്തേക്ക് ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയേയും മക്കളെയും വാഹനത്തില്‍ നിന്ന് ഇറക്കി. അപ്പോഴേക്കും വാഹനം നല്ല രീതിയല്‍ കത്താന്‍ തുടങ്ങിയിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News