കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍ ഹരി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം
കേരളത്തില്‍നിന്ന് ആര്‍എസ്എസ് തലപ്പത്തെത്തിയ ആദ്യപ്രചാരകനാണ് ഹരി. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930-ലായിരുന്നു ജനനം. സെന്റ് ആല്‍ബര്‍ട്‌സിലും മഹാരാജാസിലുമായിരുന്നു പഠനം. കോളേജ് കാലഘട്ടത്തില്‍ തന്നെ ആര്‍എസ്എസിന്റെ ഭാഗമായി. തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. 1951-ല്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി.
1989 വരെ കേരളത്തില്‍ പ്രാന്ത് പ്രചാരകായിരുന്നു. 1990-ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. പിന്നീട് 2005 വരെ ബൗദ്ധിക് പ്രമുഖ് സ്ഥാനവും വഹിച്ചു.മൃതദേഹം ഞായറാഴ്ച രാവിലെ 11 മുതല്‍ എറണാകുളം ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുവെക്കും.