നാഗ്പുർ:ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇത്തരം നടപടികൾ എടുത്തില്ലെങ്കിൽ ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വ രൂപം നഷ്ടപ്പെട്ടുപോകും. മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം പ്രശ്നങ്ങളുള്ള കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ ആർഎസ്എസിന്റെ ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രധാന്യം അർഹിക്കുന്നു. അത് വിസ്മരിക്കാനാകില്ല. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളിൽവരെ വ്യത്യാസം ഉണ്ടാക്കുന്നു. ജനസംഖ്യയ്ക്ക് വിഭവസമ്പത്ത് വേണം. ആവശ്യമായ വിഭവസമ്പത്തില്ലാതെ ജനസംഖ്യ വർധിച്ചാൽ അതൊരു ഭാരമാകും. എല്ലാവരുടെയും താൽപര്യം മനസ്സിൽകണ്ടുള്ള ജനസംഖ്യാനയമാണ് രൂപീകരിക്കേണ്ടത്.
ജോലി ചെയ്യാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകണം. എല്ലാ മേഖലകളിലും ഒരേപോലെ അവകാശങ്ങളും നൽകണം. നമ്മുടെ വീടുകളിൽ മാറ്റങ്ങൾ കൊണ്ടുവരണം. അത് സംഘടന വഴി സമൂഹത്തിലേക്കും എത്തിക്കണം. സ്ത്രീകൾക്ക് തുല്യത നൽകിയില്ലെങ്കിൽ രാജ്യം പുരോഗമിക്കില്ല. സ്ത്രീകളെയും പുരുഷൻമാരെയും ആശ്രയിച്ചാണ് സമൂഹം നിലനിൽക്കുന്നത്’’ – മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.