എടപ്പാള്‍: ഭക്ഷ്യയോഗ്യമല്ലാത്ത 2250 കിലോ മത്സ്യവുമായി പോകുകയായിരുന്ന ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ച് അധികാരികളെ ഏല്‍പ്പിച്ചു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ വില്‍പനക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം കുഴിവെട്ടി മൂടി നശിപ്പിച്ചു. ഗൂഗിള്‍ മാപ്പ് നോക്കിവരുന്നതിനിടെ വഴിതെറ്റി ഗ്രാമീണ റോഡിലൂടെ വരുന്നതിനിടെയാണ് ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
എടപ്പാളിനടുത്ത കണ്ടനകം-ആനക്കര റോഡില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് മത്സ്യലോറി ജനങ്ങളുടെ കണ്ണില്‍പ്പെട്ടത്. ഗുജറാത്തില്‍ നിന്ന് കോഴിക്കോട് മാര്‍ക്കറ്റിലെത്തിച്ച മത്സ്യം ദുര്‍ഗന്ധം വമിച്ചിരുന്നതിനാൽ അവിടുത്തെ കച്ചവടക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന പാതയിലൂടെ കുന്നംകുളം മാര്‍ക്കറ്റിലെത്തിക്കാനായി ലോറിക്കാര്‍ യാത്രതിരിച്ചത്.
കണ്ടനകത്തെത്തിയതോടെ ഗൂഗിള്‍മാപ്പ് ചേകന്നൂര്‍ റോഡിലേക്ക് വഴി കാണിച്ചു. ഈ വഴിയില്‍ മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയില്‍ റോഡിലേക്കൊഴുകിയ ദുര്‍ഗന്ധപൂരിതമായ വെള്ളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തംഗം കുമാരന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞു. നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി. ഇതോടെ ജനങ്ങൾ മത്സ്യപ്പെട്ടികളില്‍ മണ്ണെണ്ണയും പെട്രോളുമൊഴുക്കാനൊരുങ്ങി.
പിന്നീട് പോലീസും ആരോഗ്യവകുപ്പുദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമാണ് മത്സ്യമെന്ന് കണ്ടെത്തി.
ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ 40 തെര്‍മോക്കോള്‍ പെട്ടികളിലാക്കിയാണ് മാന്തള്‍ ഇനത്തിലുള്ള മത്സ്യം കൊണ്ടുവന്നത്. ഐസ് ഉരുകി പൂര്‍ണമായി വെള്ളമായ അവസ്ഥയിലായിരുന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബിന്റെ സഹായത്തോടെ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ മത്സ്യം കുഴിച്ചു മൂടി.
കമ്പനിയുടെ ലൈസന്‍സോ മറ്റു രേഖകളോ പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്.ഐ.എം.വി.തോമസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ യു.എം. ദീപ്തി, ധന്യ ശശീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് പ്രശാന്തിയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.