അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു എവേ ഗ്രൗണ്ടില്‍ മുംബൈയുടെ തോല്‍വി. അഹമ്മദാബഹാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല.
തോല്‍വിക്ക് പിന്നാലെയാണ് ഹാര്‍ദിക്കിനെ പരിഹസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയത്. ഇതിനിടെ മത്സരശേഷമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രോഹിത്, ഹാര്‍ദിക്കിനെ ശകാരിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി എന്താണ് സംഭവിക്കുന്നതറിയാതെ നോക്കി നിര്‍ക്കുന്ന വീഡിയോയാണത്. വൈറല്‍ വീഡിയോ കാണാം
https://x.com/sushantkoko/status/1771985238073528672?s=20
അനായാസം ജയിക്കാവുന്ന മത്സരമാണ് മുംബൈ നഷ്ടപ്പെടുത്തിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് അവസാന മൂന്ന് ഓവറില്‍ 36 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ മോഹിത് ശര്‍മ വിട്ടുകൊടുത്തത് ഒമ്പത് റണ്‍സ് മാത്രം.
കൂടെ ടിം ഡേവിഡിന്റെ (11) വിക്കറ്റും. പിന്നീടുള്ള രണ്ട് ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ്. 19-ാം ഓവറില്‍ സ്പെന്‍സര്‍ ജോണ്‍സന്റെ ആദ്യ പന്തില്‍ തന്നെ തിലക് വര്‍മ (25) സിക്സ് നേടി. എന്നാല്‍ അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. മൂന്നാം പന്തില്‍ ജെറാള്‍ഡ് കോട്സീ ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ഹാര്‍ദിക് വകയും സിംഗിള്‍. അഞ്ചാം പന്തില്‍ റണ്‍സില്ല. അവസാന പന്തില്‍ സ്പെന്‍സര്‍ കോട്സീയെ (1) മടക്കുകയും ചെയ്തു. ആകെ വിട്ടുകൊടുത്തതാവട്ടെ എട്ട് റണ്‍സ് മാത്രവും.
അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്. ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ ഹാര്‍ദിക് സിക്സ് നേടി. അടുത്ത പന്തില്‍ ബൗണ്ടറി. പിന്നീടുള്ള നാല് പന്തില്‍ ജയിക്കാന് ഒമ്പത് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഹാര്‍ദിക് (4 പന്തില്‍ 11) പുറത്ത്. ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ 9. നാലാം പന്തില്‍ പിയൂഷ് ചൗളയും (0) പുറത്ത്. അടുത്ത പന്തില്‍ ബുമ്രയ്ക്ക് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. ഗുജറാത്ത് വിജയമുറപ്പിച്ചു. അവസാന പന്തില്‍ ഷംസ് മുലാനിക്കും ഒരു റണ്‍സ് നേടാനാണ് സാധിച്ചത്.